ഡൊമിനിക്കൻ സന്യാസസഭയുടെ സ്ഥാപകനും ജ്യോതിശാസ്ത്രജ്ഞരുടെ മധ്യസ്ഥനുമായ വിശുദ്ധ ഡൊമിനിക്ക്, 1170 ഓഗസ്റ്റ് 8ന് സ്പെയിനിലെ കാലറൂഗയിൽ ജനിച്ചു. കുലിനരും ദൈവഭക്തരുമായ ജയിൻ ഡി അസായും ഫെലിക്സ് ഡി ഗുസ്മാനുമായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. വിശുദ്ധന്റെ ജനനവുമായി ബന്ധപ്പെട്ട അത്ഭുതാവഹമായ നിരവധി കാര്യങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് തീപ്പന്തം കടിച്ചുപിടിച്ചിരുന്ന നായക്കുട്ടി. മൂന്നാമതൊരു കുട്ടിക്ക് ജന്മം നൽകാൻ തനിക്ക് കഴിയുകയില്ലെന്ന് മനസ്സിലാക്കിയ വിശുദ്ധന്റെ അമ്മ, സിലൂസിലെ വിശുദ്ധ ഡൊമിനിക്കിന്റെ നാമത്തുലുള്ള ബനഡിക്ടൻ താപസ ഭവനത്തിലേക്ക് ഒരിക്കൽ ഒരു തീർത്ഥാടനം നടത്തി. ദൈവം ദാനമായി നൽകുന്ന മക്കളെ തുടർന്നും സ്വീകരിക്കുക എന്ന്തന്നെയായിരുന്നു നിയോഗം. അന്ന് ജയിൻ വിചിത്രമായ ഒരു സ്വപ്നം കണ്ടു, ‘തിളങ്ങുന്ന കണ്ണുകളും മുന്നിലേക്ക് മടങ്ങിക്കിടക്കുന്ന ചെവികളുമുള്ള ഒരു കൊച്ചു നായക്കുട്ടി. അതൊരു തീപ്പന്തം കടിച്ചുപിടിച്ചിരുന്നു.’ ലോകം മുഴുവനെയും വചനത്താലും പരിശുദ്ധാത്മാവിനാലും ജ്വലിപ്പിക്കാൻ പോകുന്ന വിശുദ്ധ ഡൊമിനിക്കിനെക്കുറിച്ചുള്ള ഒരു ദർശനമായിരുന്നു അത്.
അക്കാലത്ത് ഇറ്റലിയിൽ ക്രൂരന്മാരായ പട്ടാളക്കാർ പാവപ്പെട്ടവരുടെ കുടിലുകളും കൃഷിയും തീവച്ചു നശിപ്പിക്കുക പതിവായിരുന്നു. എല്ലാം നഷ്ടപ്പെട്ട നിരാലംബർ എപ്പോഴും സഹായത്തിനായി ഓടിയെത്തിയിരുന്നത് ഗുസ്മാന്റെ സമീപത്തായിരുന്നു. കണ്ണീരോടെ അവർ പറയുന്ന കഥകൾ ബാലനായ ഡൊമിനിക് അമ്മയുടെ സമീപത്തിരുന്നു സശ്രദ്ധം കേൾക്കുമായിരുന്നു. കണ്ണുനീരിൽ കുതിർന്ന ഈ കഥകൾ കേട്ട് അവൻ മുഷ്ടി ചുരുട്ടാറുണ്ട്; വിമ്മിക്കരയാറുണ്ട്. തകർക്കപ്പെട്ട ഇവരുടെ ജീവിതം നേരിൽ കാണുന്നതിന് അവൻ അമ്മയോട് അനുവാദം ചോദിച്ചു. അവൻ തീരെ കൊച്ചായിരുന്നതിനാൽ അമ്മ അനുവദിച്ചില്ല.
“അങ്ങനെയെങ്കിൽ അവർക്കുവേണ്ടി ഒന്നും ചെയ്യാൻ കഴിയുകയില്ലേ?” അവൻ ചോദിച്ചു. ജയിൻ ഡി അസാ ഒന്നു പുഞ്ചി രിച്ചുകൊണ്ടു പറഞ്ഞു: “അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ നിനക്കു കഴിയും.
അന്നുമുതൽ അവൻ അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങി. അതുമാത്രമല്ല, അവൻ അവർക്കുവേണ്ടി സഹിച്ചു തുടങ്ങി. അവർക്കുവേണ്ടിയുള്ള അവന്റെ സഹനം, അത് അവന്റെ കണ്ടുപിടിത്തമായിരുന്നു. പലപ്പോഴും അവന് വിശപ്പ് നന്നായുണ്ടായിരുന്നുവെങ്കിലും ഒരു നേരം പോലും വയറുനിറച്ച് ഉണ്ണാൻ കഴിയാത്ത പാവങ്ങളെ പ്രതി അവൻ അല്പം മാത്രം ഭക്ഷിച്ചു. തണുത്തുറഞ്ഞ മഞ്ഞിൽ നടക്കാൻ പാദരക്ഷകൾപോലുമില്ലാത്ത പാവങ്ങളെ ഓർത്ത് അവൻ നഗ്നപാദനായി നടന്നു! ഇതുവഴി അവന്റെ കൈകാലുകളിൽ രക്തം കട്ടപിടിച്ച് അവിടം വിണ്ടുകീറിയിരുന്നെങ്കിലും മറ്റുള്ളവർക്കുവേണ്ടി സഹിക്കുന്നതിൽ അവൻ ആനന്ദം കണ്ടെത്തി. ഇത്തരം സഹനങ്ങൾ അവനെ പാവപ്പെട്ടവരോടു കൂടുതൽ അടുപ്പിക്കുക മാത്രമല്ല,അവരും താനും ഒരു വലിയ കുടുംബത്തിലെ അംഗങ്ങളാണെന്ന് അവന് ബോധ്യപ്പെട്ടു.
ഈശോയോടുള്ള സ്നേഹത്തിൽ വളരാൻ നമ്മെ സഹായിക്കുന്ന കുറുക്കുവഴികളാണ് കാരുണ്യ പ്രവർത്തികൾ. വചനത്തിൽ അവിടുന്ന് അരുളിച്ചെയ്യുന്നത് ഇപ്രകാരമാണ്, “എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണതു ചെയ്‌തുതന്നത്.” (മത്തായി 25 : 40) ഇതിനെക്കുറിച്ച് വിശുദ്ധ ഫൗസ്റ്റീനക്ക് ഈശോ വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്, “നിന്റെ സഹോദരങ്ങളോട് കരുണയോടെ വർത്തിക്കാൻ മൂന്നു വഴികൾ ഞാൻ കാണിച്ചുതരാം. ഒന്നാമത്തേത് – പ്രവൃത്തിയിലൂടെ, രണ്ടാമത്തേത് – വാക്കുകളിലൂടെ, മൂന്നാമത്തേത് – പ്രാർത്ഥനയിലൂടെ. ഈ മൂന്നു പദവികളും ഉൾക്കൊള്ളുമ്പോഴാണ് കരുണ പൂർണ്ണതയിലെത്തുന്നത്. അപ്പോൾ ആർക്കും ചോദ്യം ചെയ്യപ്പെടാൻ സാധിക്കാത്തവിധം അത് എന്റെ നേരെയുള്ള സ്നേഹത്തിന്റെ സാക്ഷ്യവുമാകും.” (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി 742) ഇത്തരത്തിൽ വിശുദ്ധ ഡൊമിനിക്കിനെപ്പോലെ കാരുണ്യ പ്രചവർത്തികൾ വഴി ഈശോയെ കൂടുതൽ സ്നേഹിക്കാനും അവിടുത്തെ കരുണയുടെ നീരിച്ചാലുകളാകുവാനും നമുക്കും പരിശ്രമിക്കാം.
(കടപ്പാട് : വിശുദ്ധ ഡൊമിനിക്ക്; എം. വി. വുഡ്ഗേറ്റ്, അദ്ധ്യായം 1)
പ്രാർത്ഥന
മറ്റുള്ളവരെ സഹായിക്കാനായി ചെയ്യുന്ന ഓരോ കുഞ്ഞു പ്രവർത്തികളും ഞങ്ങൾക്ക് സ്വർഗ്ഗത്തിലൂള്ള പ്രതിഫലാർഹമായ നിക്ഷേപങ്ങളാണെന്ന് അരുൾചെയ്ത കർത്താവേ (മത്തായി 10 : 42), ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ഞങ്ങൾ ആയിരിക്കുന്ന ജീവിതസാഹചര്യങ്ങളിൽ, വിശുദ്ധ ഡൊമിനിക്കിനെപ്പോലെ ചുറ്റുമുള്ളവരെ കഴിയുംവിധം സഹായിക്കാനും, അവരോട് സ്നേഹത്തോടെ വർത്തിക്കുവാനും, അവർക്കുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കാനും ഞങ്ങളെ ശക്തരാക്കണമേ. അതുവഴി അങ്ങയോടുള്ള സ്നേഹത്തിൽ അനുദിനം വളർന്നുകൊണ്ട് അങ്ങയുടെ കരുണയുടെ പ്രാഘോഷകരായിത്തീരാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ.
ആമേൻ.
വിശുദ്ധ ഡൊമിനിക്കേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
Preachers of Divine Mercy – Ruha Mount Attappadi