1216, ഡിസംബർ 22ന് വിശുദ്ധ ഡൊമിനിക്കിന്റെ സന്ന്യാസസഭയെ ഔദ്യോഗികമായി അംഗീകരിക്കുന്നതിനു വേണ്ട എല്ലാ കാര്യങ്ങളും ഒണോറിയസ് മാർപാപ്പ മുൻകൈയെടുത്തു തയ്യാറാക്കി.
“ആത്മാവ് നയിക്കുന്നിടത്ത് പോയി വചനം പ്രസംഗിക്കുന്നതിന് ഞാൻ നിങ്ങളെ അധികാരപ്പെടുത്തുന്നു. സത്യവിശ്വാസത്തെ കളങ്കപ്പെടുത്തുന്നവരെ പരാജയപ്പെടുത്തുന്ന വചനത്തിന്റെ ഇരുതലവാളും, കർത്താവിന്റെ ധീരപടയാളികളുമാണ് നിങ്ങൾ!” മാർപാപ്പ ഡൊമിനിക്കച്ചനെ ആശീർവദിച്ച് അനുഗ്രഹിച്ചു.
പുതിയ സന്ന്യാസസഭയുടെ ആസ്ഥാനമാകാൻ ഇറ്റലിയിലെ ബോളോഞ്ഞ നഗരം അനുയോജ്യമാണെന്ന് മനസ്സിലാക്കിയ വിശുദ്ധൻ അവിടെ ഒരു സന്യാസഭവനം ആരംഭിച്ചു. അവിടെ നിർത്താൻ യോഗ്യനായ ഒരു വ്യക്തിയെ ദൈവം തന്നെ തെരഞ്ഞെടുത്തു വിശുദ്ധന് വെളിപ്പെടുത്തി കൊടുത്തു. അധികം വൈകാതെ തന്നെ വിശുദ്ധൻ സുവിശേഷ പ്രഘോഷണത്തിനായി യാത്രയായെങ്കിലും ശാരീരിക ക്ലേശങ്ങൾമൂലം ദീർഘനേരം അദ്ദേഹത്തിന് പ്രസംഗിക്കാൻ കഴിയാതെയായി. അതിനാൽ സുവിശേഷ പ്രസംഗത്തിന് വിരാമമിട്ട് അദ്ദേഹം സന്ന്യാസസഭാസന്ദർശനം തുടങ്ങി. തന്റെ സഭയുടെ പല പുത്രിസഭകളെയും അദ്ദേഹം അറിയുമായിരുന്നില്ല. സഭയിലേക്കു പുതിയതായി വന്ന പല അംഗങ്ങളും സ്ഥാപകനെ നേരിൽ കണ്ടിരുന്നില്ല. വിശുദ്ധ ഡൊമിനിക്കിന്റെ സന്ന്യാസസഭയിലെ നിയമങ്ങൾ കർക്കശങ്ങളായിരുന്നു. അതിനാൽ അച്ചനും കാർക്കശ്യക്കാരനായിരിക്കും എന്നാണ് അദ്ദേഹത്തെ നേരിൽ പരിചയമില്ലാത്തവർ ധരിച്ചിരുന്നത്. അടുത്തറിഞ്ഞുതുടങ്ങിയവർ അദ്ദേഹത്തെ ആഴമായി സ്നേഹിച്ചുതുടങ്ങി. കാരണം, അദ്ദേഹം തുറന്ന മനഃസ്ഥിതിക്കാരനും സ്നേഹനിധിയുമായിരുന്നു.
നിരന്തരമായ യാത്രകളും പരിഹാര ജീവിതവും വിശുദ്ധന്റെ ആരോഗ്യത്തെ തളർത്തി. 1221ലെ പതിവിലധികമായിരുന്ന വേനൽചൂട് ക്ഷീണത്തിന് ആക്കംകൂട്ടി. താൻ ഈ ലോകത്തോട് വിടപറയുകയാണെന്ന് മനസിലാക്കിയ വിശുദ്ധ ഡൊമിനിക്ക് തളർന്നുകുഴഞ്ഞ്, ശുഷ്കിച്ച കരങ്ങൾ നിവർത്തി തന്റെ സഹോദരങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു. “പിതാവേ, അങ്ങ് എന്നെ ഏല്പിച്ചവരെ ഞാൻ കാത്തു പാലിച്ചു. ഇപ്പോൾ ഞാനവരെ നിനക്കു സമർപ്പിക്കുന്നു. ഇനി മുതൽ നിന്റെ മേലങ്കിക്കു കീഴിൽ നീയവരെ കാത്തുകൊള്ളണമേ.”
1221- ആഗസ്റ്റ് മാസം 6-ാം തീയതി. കർത്താവിന്റെ രൂപാന്തരീകരണ തിരുനാളായിരുന്നു അന്ന്. അന്ന് അച്ചനു വളരെ സുഖം തോന്നി. പക്ഷേ, അന്നു വൈകുന്നേരമായപ്പോൾ ഡൊമിനിക്കച്ചൻ അന്ത്യ ശ്വാസം വലിച്ചു. ജീവിതകാലത്തു സന്തതസഹചാരിയായിരുന്ന യേശുവിനെ അദ്ദേഹം നേരിൽ കാണുന്നതുപോലെ ചുറ്റും നിന്നവർക്കു തോന്നി. ആ പൂജ്യശരീരത്തെ സഭാവസ്ത്രമണിയിച്ച് അടുത്തുള്ള ദേവാലയത്തിലേക്ക് എടുത്തുകൊണ്ടുപോയി. അന്നു രാത്രിയിൽ സഭാംഗങ്ങളെല്ലാം ഉറക്കമിളച്ച് ആ മഞ്ചത്തിനു ചുറ്റുമിരുന്നു പ്രാർത്ഥിച്ചു. പിറ്റേ പ്രഭാതത്തിൽ അവിടെയുണ്ടായിരുന്ന വൈദികർ ചേർന്ന് സമൂഹബലിയർപ്പിച്ചു. അതിനുശേഷം ഡൊമിനിക്കച്ചന്റെ മൃതദേഹം അവിടെ അവർ സംസ്കരിച്ചു.
എല്ലാവരും യേശുവിനെ അറിയണം എന്നത് അദ്ദേഹത്തിന്റെ സുന്ദരസ്വപ്നമായിരുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ഇന്ന് ലോകമെമ്പാടും ഡൊമിനിക്കൻ സഭാംഗങ്ങൾ ശുഷ്രൂഷ ചെയ്യുന്നു.
തന്നെ സ്നേഹിച്ചനുഗമിക്കുന്ന എല്ലാവർക്കും ഈശോ നൽകുന്ന വിളിയാണ്, “ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്‌ധാത്‌മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്‌ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.” (മത്തായി 28 : 19-20)
വിശുദ്ധ ഡൊമിനിക്കിന്റെ ജീവിതം ഈ വചനത്തിന്റെ അക്ഷരം പ്രതിയുള്ള അനുസരമായിരുന്നു. അനേകം പേരെ ശിഷ്യപെടുത്തി, അനേകർക്ക് വിശ്വാസം നൽകിയ ഈ വിശുദ്ധൻ തന്റെ ശിഷ്യരിലൂടെ ഇന്നും ലോകത്തെ ഈശോയിലേക്ക് അടുപ്പിക്കുന്നു. നമുക്കും വചനം കേട്ടത് പരിശീലിക്കാനും അനേകരെ ഈശോയിലേക്ക് അടുപ്പിക്കാനും പരിശ്രമിക്കാം, അതിനായി പ്രാർത്ഥിക്കാം.
(കടപ്പാട് : വിശുദ്ധ ഡൊമിനിക്ക്; എം. വി. വുഡ്ഗേറ്റ്, അദ്ധ്യായം 8-11)
പ്രാർത്ഥന
നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നരുൾചെയ്ത ഈശോ നാഥാ, ഞങ്ങൾ അങ്ങേ ആരാധിക്കുന്നു.(മര്‍ക്കോസ് 16 : 15) ഞങ്ങളുടെ ജീവിത മേഖലകളിൽ തിരുവചനത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് ജീവിക്കുവാൻ സഹായകനായ പരിശുദ്ധാത്മാവിനെ അങ്ങ് ഞങ്ങളിലേക്ക് അയ്ക്കണമേ. അങ്ങനെ വിശുദ്ധ ഡൊമിനിക്കിനെപ്പോലെ അങ്ങയുടെ സുവിശേഷ ദീപ്തി ലോകം മുഴുവൻ തെളിക്കുവാനും അനേകരെ അങ്ങയിലേക്ക് അടുപ്പിക്കുവാനും ഞങ്ങളെ ശക്തരാക്കണമേ.
ആമേൻ.
വിശുദ്ധ ഡൊമിനിക്കേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
PDM – Ruha Mount Attappadi