കൊച്ചുഡൊമിനിക്ക് വായനയിലും പഠനത്തിലും മിടുക്കനായിരുന്നു. തന്റെ മാതൃസഹാദരൻ നടത്തിയിരുന്ന സ്കൂളിൽതന്നെ അവൻ പ്രാഥമിക വിദ്യാഭ്യാസം നേടി. പലെൻസിയായിലെ ഒരു കോളേജിലാണ് പിന്നീട് അവൻ പഠിച്ചത്. പഠനത്തിലും വിശുദ്ധിയിലും മികവോയോടെ മുന്നേറിയ വിശുദ്ധന്റെ ജീവിതം കോളേജിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും ഒരുപോലെ സ്വാധീനിച്ചിരുന്നു. ഇതുവഴി അനേകംപേർ അദ്ദേഹത്തിന്റെ കൂടെ കാരുണ്യ പ്രവർത്തികളിൽ പങ്കുകാരായി. ഉന്നത വിജയം നേടിയാണ് കോളേജ് പഠനം പൂർത്തിയാക്കിയിരുന്നതെങ്കിലും ഡൊമിനിക്കിന് മുന്നോട്ട് എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ലായിരുന്നു. ദൈവഹിതമറിയാൻ അവൻ തീക്ഷണമായി പ്രാർത്ഥിച്ചു.
ആയിടക്ക് പലെൻസിയായിൽ നിന്നും കുറച്ചകലെയായിരുന്ന ഓസ്മ എന്ന് പട്ടണത്തിൽ ഒരു മെത്രാൻ താമസിച്ചിരുന്നു. കൂടെ സഹായിയായി ദിയാഗോ എന്ന വിശുദ്ധനും വാഗ്മിയുമായ ഒരു വൈദികനുമുണ്ടായിരുന്നു. അവിടുത്തെ കത്തീഡ്രൽ പള്ളിയുടെയും സ്കൂളിന്റെയും കോളജിന്റെയും നോക്കിനടത്തിപ്പ് അദ്ദേഹത്തിന്റെ ചുമതലയായിരുന്നു. വർധിക്യത്തിന്റെതായ ചില ശാരീരിക ക്ലേശങ്ങൾ മെത്രാനെ അലട്ടിയിരുനെങ്കിലും യുവസഹജമായ ചുറുചുറുക്കും തീക്ഷ്ണതയുംമൂലം സമീപവാസികളെല്ലാം അദ്ദേഹത്തെ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകളുടെ കാഴ്ച മങ്ങി തുടങ്ങിയിരുന്നതിനാൽ സഹായിക്കാൻ ഒരു നായ മിക്കപ്പോഴും കൂടെയുണ്ടാകാറുണ്ട്. പറയുന്നതെല്ലാം മനസ്സിലാകുമെന്ന ധാരണയിൽ മെത്രാൻ അതി നോടു സംസാരിക്കുക പതിവായിരുന്നു. അദ്ദേഹമതിനെ വാത്സല്യ പൂർവ്വം വിളിച്ചിരുന്നത് മോസ്സസ്സ് എന്നാണ്.
“എനിക്കു വയസായി മോസ്സസ്സ്.” ജൂലായ് മാസത്തിലെ പ്രസന്നമായൊരു പ്രഭാതത്തിൽ മെത്രാൻ നായയോടു പറയുകയായിരുന്നു. “കത്തീഡ്രൽ പള്ളിയിലും കോളജിലുമുള്ള മറ്റുള്ളവരും എന്നെപ്പോലെ വാർദ്ധക്യത്തിലേക്കു നീങ്ങിത്തുടങ്ങി. പറയൂ, ഞാൻ എന്തു ചെയ്യണമെന്നു പറയൂ?” മോസ്സസ്സ് ഒന്നു ഞരങ്ങി. പിന്നെ അവൻ എഴുന്നേറ്റ് മെത്രാന്റെ മുഖത്തേക്ക് നോക്കിനിന്നു. ഇതു കണ്ട് മെത്രാൻ അതിനെ മെല്ലെ തലോടിക്കൊണ്ട് പറഞ്ഞു, “ഞാൻ പ്രാർത്ഥിക്കണം; നിന്നെപ്പോലെ, നീ നിന്റെ യജമാനന്റെ മുഖത്ത് കണ്ണും നട്ട് ഇരുന്നതു പോലെ, ഞാൻ എന്റെ കർത്താവിൽ കണ്ണും നട്ട് മുട്ടിപ്പായി പ്രാർത്ഥിക്കണം. ചെറുപ്പക്കാരനും പണ്ഡിതനുമായ ഒരാൾ വ ഞങ്ങളുടെ കൂടെ താമസിക്കാൻ അവിടുന്ന് വഴിയൊരുക്കും.” അന്നദ്ദേഹം ദിവകാരുണ്യ സന്നിധിയിലിരുന്ന് തന്റെ ആവശ്യം ദൈവത്തോട് ഉണർത്തിച്ച് പ്രാർത്ഥിച്ചു.
ആ ദിവസങ്ങളിൽ ദിയാഗോയച്ചൻ ഓസ്മയിലുണ്ടായിരുന്നില്ല. ഏതാനും ആഴ്ചകൾക്കുശേഷമാണദ്ദേഹം തിരിച്ചെത്തിയത്. അപ്പോൾ അദ്ദേഹത്തിന് പറയാനുണ്ടായിരുന്ന വിശേഷം പലെൻസിയായിൽ വച്ച് അദ്ദേഹം കണ്ടുമുട്ടിയ ഒരു ചെറുപ്പക്കാരനെക്കുറിച്ചായിരുന്നു. വിശുദ്ധ ഡൊമിനിക്ക് തന്നെയായിരുന്നു അത്. അദ്ദേഹത്തിന്റെ പുണ്യജീവിതവും വിജ്ഞാനവും, ജീവിതലാളിത്യവും, ദീനാനുകമ്പയും ദിയാഗോയച്ചനെ വളരെയധികം സ്വാധീണിച്ചിരിക്കണം. തന്റെ പ്രാർത്ഥന ദൈവം സ്വീകരിച്ചതിൽ സന്തോഷവാനായ മെത്രാൻ ഓസ്മയിലേക്ക് ഡോമിനിക്കിനെ ക്ഷണിക്കാൻ തീരുമാനിച്ചു. ഇതാണ് തനിക്കായി ദൈവം തുറന്നുതന്ന വഴിയെന്ന് മനസിലാക്കിയ വിശുദ്ധൻ സസന്തോഷം ആ ക്ഷണം സ്വീകരിച്ചു.
അങ്ങനെ അദ്ദേഹം ഓസ്മയിലെത്തി മെത്രാന്റെ കൂടെ താമസമാക്കി. അവന്റെ സുകൃതജീവിതത്തിലും പാണ്ഡിത്യത്തിലും സന്തുഷ്ടനായ മെത്രാൻ അവനെ ഒരു പുരോഹിതനായി അഭിഷേകം ചെയ്തു. കൃപയാൽ ജ്വലിച്ചുനിന്ന ഡൊമിനിക്കച്ചൻ കത്തീഡ്രൽ ദേവാലയത്തിൽ അങ്ങനെ സുവിശേഷപ്രാഘോഷണം ആരംഭിച്ചു. അദ്ദേഹത്തിന്റെ അധരങ്ങളിൽനിന്നും അടർന്നുവീഴുന്ന സുവിശേഷമുത്തുകൾ പെറുക്കി സ്വന്തമാക്കാൻ അയൽനാടുകളിൽ നിന്നുപോലും ദേവാലയത്തിൽ ജനം തിങ്ങിക്കൂടുമായിരുന്നു.
സ്വന്തം കഴിവിൽ ആശ്രയിക്കാതെ കർത്താവിൽ ആശ്രയിച്ച് പ്രാർത്ഥിച്ചപ്പോഴാണ് ഇനി എന്ത് ചെയ്യുമെന്ന് അറിയാതെനിന്ന വിശുദ്ധ ഡോമിനിക്കിനും, സഹായത്തിന് ഒരു പണ്ഡിതനും വിശുദ്ധനുമായ യുവാവിനെ വേണമെന്നാഗ്രഹിച്ചു മെത്രാനും സ്വർഗത്തിൽനിന് പ്രത്യുത്തരം ലഭിച്ചത്. ഇതിനെക്കുറിച്ച് വചനത്തിൽ ഈശോ നമ്മോട് പറയുന്നത് ഇപ്രകാരമാണ്, “എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല.”
(യോഹന്നാന്‍ 6 : 37) അതിനാൽ പ്രശ്നങ്ങളും വേദനകളും ഉണ്ടാകുമ്പോൾ മാത്രമല്ല, എല്ലായ്പോഴും അവിടുത്തെ ദിവ്യകാരുണ്യമുഖം ദർശിച്ചുകൊണ്ട് അവിടുത്തെ സ്നേഹിക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നുണ്ട്.(ഇൻ സിനു ജേസു, 127) ആകയാൽ എപ്പോഴും ഈശോയിൽ ആശ്രയിക്കാനും അവിടുത്തെ ദിവ്യകാരുണ്യ സന്നിധിയിൽനിന്ന് ശക്തി സ്വീകരിച്ച് അനേകരോട് ദൈവസ്നേഹത്തെക്കുറിച്ചു പ്രാഘോഷിക്കാനുള്ള കൃപയ്ക്കായിയും നമ്മുക്ക് പ്രാർത്ഥിക്കാം.
(കടപ്പാട് : വിശുദ്ധ ഡൊമിനിക്ക്; എം. വി. വുഡ്ഗേറ്റ്, അദ്ധ്യായം 2,3)
പ്രാർത്ഥന
‘അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം,'(മത്തായി 11: 28-29) എന്നരുൾചെയ്ത സ്നേഹനിധിയായ ഈശോയെ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ജീവിതങ്ങളിലെ പലവിധ അവസ്ഥകളിൽ ഞങ്ങൾ ക്ലെശിക്കുമ്പോൾ അങ്ങേ തിരുമുമ്പിലണഞ്ഞുകൊണ്ട് അതിനെ അതിജീവിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ. ഈശോ നാഥാ, അങ്ങേ ദിവ്യകാരുണ്യമുഖത്തുനിന്ന് ശക്തി സ്വീകരിക്കുവാനും, അങ്ങയെ സ്നേഹിക്കുവാനും, അങ്ങനെ അങ്ങയുടെ തിരുഹിതത്തിന് പൂർണമായി വിധേയപ്പെടുവനും, ഞങ്ങളെ പ്രാപ്തരാക്കണമേ.
ആമേൻ.
വിശുദ്ധ ഡൊമിനിക്കേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
PDM – Ruha Mount Attappadi