വൈകുന്നേരമായതോടെ അവർ നഗരത്തിന്റെ പുറംവാതിലിലെത്തി. അവിടെ ഉണ്ടാക്കിയ താല്ക്കാലിക കൂടാരത്തിൽ പട്ടാളക്കാർ വിശ്രമിച്ചു. ഒരു സ്ഥലമന്വേഷിച്ച് മെത്രാനും ഡൊമിനിക്കച്ചനും പിന്നെയും മുന്നോട്ടു നീങ്ങി. കുറച്ചകലെ അവർ ഒരു സത്രം കണ്ടെത്തി.ഡൊമിനിക്കച്ചന്റെ സമപ്രായക്കാരനായിരുന്നു ആ സത്രത്തിന്റെ ഉടമസ്ഥൻ. നല്ല ഉയരമുണ്ടായിരുന്ന അയാൾ സുമുഖനായിരുന്നു. ഫ്രഞ്ചും സ്പാനിഷും അയാൾ സ്ഫുടമായി സംസാരിച്ചിരുന്നു. ഡൊമിനിക്കച്ചനോടും മെത്രാനോടുമുള്ള അയാളുടെ പെരുമാറ്റം മാന്യമായിരുന്നെങ്കിലും, ഉള്ളുകൊണ്ട് അയാൾ തങ്ങളെ പുച്ഛിക്കുന്നതായി ഇരുവർക്കും തോന്നി. ഡൊമിനിക്കച്ചന്റെ മനസ്സിൽ സംശയത്തിന്റെ നാമ്പുകളുയർന്നു. അത്താഴത്തിനുശേഷം ഡൊമിനിക്കച്ചൻ അയാളോടു സംസാരിച്ചു. പക്ഷേ, അച്ചന്റെ ചോദ്യങ്ങൾക്കൊന്നും അയാൾ മറുപടി നല്കിയില്ല.
എങ്കിലും ഡൊമിനിക്കച്ചൻ സംസാരിച്ചുകൊണ്ടിരുന്നു. അ സംസാരത്താൽ ആകർഷിക്കപ്പെട്ട അയാൾ ഡൊമിനിക്കച്ചനെ അയാളുടെ കൊച്ചുമുറിയിലേക്കു ക്ഷണിച്ചു. തുടർന്നുള്ള സംഭാഷണത്തിൽ അയാൾ ആ പുതിയ മതത്തിന്റെ അനുഭാവിയാണ് എന്ന കാര്യം വ്യക്തമായി. മാത്രമല്ല, ഒരു നേതാവുംകൂടിയായ ഈ മനുഷ്യൻ ആ മതം മാത്രമാണ് സത്യമതമെന്നാണ് ഉറച്ചു വിശ്വസിച്ചിരുന്നത്.
പുതിയ മതത്തെക്കുറിച്ചു സംസാരിച്ചപ്പോൾ അയാൾ വാചാലനായി. ആ കണ്ണുകൾ തിളങ്ങി. ആവേശത്തോടെ അയാൾ പറഞ്ഞതൊക്കെ ഡൊമിനിക്കച്ചൻ സശ്രദ്ധം കേട്തിരുന്നു. ഇരുൾ പരന്നു; സത്രം നിശ്ശബ്ദമായി. ഡൊമിനിക്കച്ചൻ സംസാരിക്കാൻ തുടങ്ങി. ശ്രോതാവിന്റെ മനസ്സിനെ പിടിച്ചുനിറുത്തുന്ന വിധത്തലായിരുന്നു അദ്ദേഹത്തിന്റെ ശൈലി. അയാളെ ബോദ്ധ്യപ്പെടുത്തുന്ന വിധത്തിൽ ഡൊമിനിക്കച്ചൻ ഓരോന്നും വിശദീകരിച്ചു കൊണ്ടിരുന്നു. പ്രഭാതമായപ്പോഴേക്കും സത്രത്തിന്റെ ഉടമസ്ഥനിൽ മാനസാന്തരമുണ്ടായി. തന്റെ പുതിയ വിശ്വാസം ഉപേക്ഷിച്ച് യേശുവിലേക്കു തിരിച്ചുവരാൻ അയാൾ സന്നദ്ധനായി.
“കുരിശുകളും പീഡനങ്ങളുമായിരിക്കും താങ്കളുടെ പുതിയ തീരുമാനത്തിനു പ്രതിഫലം; എന്നാലും നിങ്ങൾക്ക് സഹിച്ചു നില്ക്കാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്.” ഡൊമിനിക്കൻ മുന്നറിയിപ്പിനോടൊപ്പം പ്രത്യാശയും നൽകി. യാത്രപറയുന്നതിനു മുമ്പ് തന്റെ ആശീർവാദം അയാൾക്കു കൊടുക്കാൻ ഡൊമിനിക്കച്ചൻ മറന്നില്ല. കുതിരപ്പുറത്തു കയറിയ ഡൊമിനിക്കച്ചൻ തിരിഞ്ഞ് അയാൾക്കുനേരെ കൈവീശി. കണ്ണിൽ നിന്നു മറയുവോളം അയാൾ അച്ചനെത്തന്നെ നോക്കിനിന്നു.
നമ്മൾ ശ്രേഷ്ഠമായിക്കരുതുന്ന വിശ്വാസം താറടിക്കുന്ന, നമ്മുടെ കർത്താവായ ഈശോയെ അവഹേളിക്കുന്ന പലവിധ പ്രവർത്തനങ്ങൾ നമ്മുടെ ചുറ്റും നടക്കുമ്പോൾ അവിടെ നിസംഗത വെടിഞ്ഞ് സംസാരിക്കണം എന്നാണ് വിശുദ്ധ ഡൊമിനിക്ക് തന്റെ ജീവിതത്തിലൂടെ നമ്മളെ പഠിപ്പിച്ചത്. ഇതുതന്നെയാണ് വചനത്തലൂടെ ഈശോ നമ്മോട് ആഹ്വാനം ചെയ്യുന്നതും; “ക്രിസ്‌തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്‌ധരായിരിക്കുവിന്‍.”(1 പത്രോസ് 3 : 15) അതിനാൽ വിശുദ്ധ ഡൊമിനിക്കിൽ നിറഞ്ഞ ഈ കൃപ നമ്മിലും നിറയാൻ നമ്മുക്ക് പ്രർത്ഥിക്കാം.
(കടപ്പാട് : വിശുദ്ധ ഡൊമിനിക്ക്; എം. വി. വുഡ്ഗേറ്റ്, അദ്ധ്യായം 3)
പ്രാർത്ഥന
സർവനന്മസ്വരൂപനായ ഈശോയെ, ഞങ്ങൾക്കെല്ലാവർക്കും അങ്ങിൽ വിശ്വസിക്കാനുള്ള കൃപ സ്വർഗ്ഗത്തിൽനിന്ന് ദാനമായി നൽകിയതിനെയോർത്ത് ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. പരസ്‌പരം പ്രോത്സാഹിപ്പിച്ചുകൊണ്ട് അങ്ങയിൽ അധിഷ്ഠിതമായ ഈ വിശ്വാസം മുറുകെ പിടിക്കാനും ശക്തിയുക്തം പ്രഘോഷിക്കുവാനും ഞങ്ങളെ ശക്തരാകണമേ.(റോമാ 1 : 12) വിശുദ്ധ ഡൊമിനിക്കിനെപ്പോലെ അങ്ങേയിലേക്ക് അനേകരെ തിരിച്ചുകൊണ്ടുവരാനുള്ള കൃപ ഞങ്ങൾക്കെല്ലാവർക്കും നൽകി അനുഗ്രഹിക്കണമേ.
ആമേൻ.
വിശുദ്ധ ഡൊമിനിക്കേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
PDM – Ruha Mount Attappadi