ഡൊമിനിക്കച്ചൻ ഒരിക്കൽക്കൂടി ഫ്രാൻസിലെത്തി. സുന്ദരമെങ്കിലും നിർഭാഗ്യവതിയായ ആ നാടിനോടുള്ള അദ്ദേഹത്തിന്റെ വാത്സല്യം വർദ്ധിക്കുകയായിരുന്നു. പുതുതായി രൂപമെടുത്ത മതം കുറെക്കൂടി വ്യാപിച്ചു എന്നും ശക്തിപ്പെട്ടു എന്നുമുള്ള ദുഃഖസത്യം ഒരു ഉൾക്കിടിലത്തോടെ അദ്ദേഹം മനസ്സിലാക്കി. ഫ്രാൻസിനെ ഉപേക്ഷിച്ച് ഓസ്മയിലേക്കു പോകരുതെന്ന് അദ്ദേഹത്തിന് ഉള്ളിൽ തോന്നിത്തുടങ്ങി. അതദ്ദേഹം മെത്രാനെ അറിയിച്ചുകൊണ്ട് പറഞ്ഞു: “ഇതാണ് ആ ജനം! ഇവരോടാണ് ഞാൻ ദൈവവചനം പ്രസംഗിക്കേണ്ടത്. ഇവരെ ഞാൻ പഠിപ്പിക്കണം. വിശ്വാസത്തിന്റെ ശക്തി ഞാനവർക്കു കാണിച്ചുകൊടുക്കണം. ഇവിടെ വളർന്നുവരുന്ന തിന്മയിൽ നിന്നും ഞാനിവരെ രക്ഷിക്കണം.”
സ്പെയിൻകാരായ തങ്ങൾ ഫ്രാൻസിൽ പ്രസംഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് മനസിലാക്കിയ മെത്രാൻ അടുത്തുള്ള ഒരു താപസഭവനത്തിൽ ചെന്ന് ദൈവത്തിലാശ്രയിക്കാമെന്നു ചിന്തിച്ചു.
രാത്രി അവർക്കവിടെ അഭയം ലഭിച്ചെങ്കിലും പിറ്റേദിവസം കാലത്തു മാത്രമാണ് താപസരോട് സംസാരിക്കാൻ കഴിഞ്ഞത്. അന്നാകട്ടെ ഫ്രാൻസിലെ വിശ്വാസപ്രതിസന്ധിക്കെതിരായി എന്തു ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് മെത്രാന്മാരോട് ആലോചിക്കാൻ താപസശ്രേഷ്ഠൻ കുറച്ചകലെയുള്ള ഒരു പട്ടണത്തിലേക്കു പോകുവാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനുവേണ്ടി തന്നെ അങ്ങോട്ട് വന്ന ദിയാഗോ മെത്രാനും ഡൊമിനിക്കച്ചനും അത് വലിയൊരു ദൈവപരിപാലനയാവുകയും ചെയ്തു.
അനേകർ വന്നുകൂടിയ ആ മീറ്റിംഗിൽ ആദ്യം സംസാരിച്ചതു വെറും രണ്ടു പേരാണ്. “ആർക്കും ഒന്നും പറയാനില്ലേ?” ആ രണ്ടു പ്രസംഗങ്ങൾ കഴിഞ്ഞപ്പോൾ താപസശ്രേഷ്ഠൻ ചോദിച്ചു. ദിയാഗോ മെത്രാൻ എഴുന്നേറ്റുനിന്നു. എന്നിട്ട് ഘനഗാംഭീര്യമാർന്ന സ്വരത്തിൽ പറഞ്ഞു:
“ഉവ്വ് പിതാവേ, എനിക്കു ചിലതു പറയാനുണ്ട്. നമുക്ക് ഒന്നേ ചെയ്യാനുള്ളു; ഒന്നുമാത്രം. നാം നമ്മുടെ ഗുരുവായ യേശുവിന്റെ മാതൃക അനുകരിക്കണം. യേശുവിനെക്കുറിച്ച് ഒന്നും അറിയാത്ത ഈ ജനങ്ങളുടെ ഇടയിലേക്ക് നാം ഇറങ്ങിച്ചെല്ലണം. അംബരചുംബികളായ അരമനക്കൊട്ടാരങ്ങളെ ഉപേക്ഷിക്കണം. നഗ്നപാദരായി സഞ്ചരിക്കണം, പാവങ്ങളെപ്പോലെ. മറിയത്തിൽ നിന്നും ജനിച്ച് കുരിശിൽ മരിച്ച, മരിച്ചവരിൽ നിന്നും ഉയിർത്ത, യഥാർത്ഥ യേശുവിനെ നാം എല്ലായിടത്തും പ്രസംഗിക്കണം. നമ്മൾ എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച്, ഭിക്ഷാംദേഹികളെപ്പോലെ ഭിക്ഷ യാചിച്ചു ഭക്ഷിക്കുകയും വചനം പ്രസംഗിക്കുകയും ചെയ്യണം.”
ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം പലരുടെയും മുഖത്തൊരു പരിഹാസച്ചിരി പരന്നു. “നാം ഭരിക്കുന്ന രാജ്യത്ത് നഗ്നപാദരായി ഊരു ചുറ്റണമെന്നോ? നമ്മുടെ മാന്യതയുടെ അടയാളമായ എല്ലാ സൗകര്യങ്ങളും ഉപേക്ഷിക്കണമെന്നോ? എല്ലാം പരിത്യജിച്ച് ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ഇരക്കണമെന്നോ? കത്തോലിക്കാതിരുസഭയ്ക്കും മാർപാപ്പയ്ക്കുതന്നെയും നാണക്കേടല്ലേ ഇത്തരം ഭിക്ഷാടനം? മരമണ്ടനായ ആ സ്പെയിൻകാരൻ മെത്രാന് യാതൊന്നുമറിഞ്ഞു കൂടാ…” ഇതായിരുന്നു പലരുടെയും ചിന്താഗതി. പിന്നെ അവിടെ നടന്നത് ഒരു വലിയ വാദപ്രതിവാദമായിരുന്നു. നാലുഭാഗത്തുനിന്നും ശബ്ദമുയർന്നു. ചിലർക്കത് പരിഹാസമായിരുന്നു; ചിലർക്കു കോപവും. എന്നാൽ, വന്ദ്യവയോധികനായ ആ താപസശ്രേഷ്ഠൻ പിറുപിറുത്തില്ല. ചുളിവു വീണ നെറ്റിത്തടത്തിൽ പൊടിഞ്ഞ വിയർപ്പുകണങ്ങൾ തുടച്ചുകൊണ്ട് അദ്ദേഹം പറഞ്ഞുതുടങ്ങി;
“അപരിചിതനായ മെത്രാൻ പറഞ്ഞത് സത്യം മാത്രമാണ്. അതേക്കുറിച്ച് നമുക്ക് ഉറക്കെ ചിന്തിക്കാം.” വീണ്ടും വാദപ്രതിവാദ ങ്ങൾ പുരോഗമിച്ചു. മൂന്നു നാലു പേർ മെത്രാൻ പറഞ്ഞപോലെ ജീവിക്കാൻ തയാറായി മുന്നോട്ടു വന്നു. അന്നു രാത്രി മുഴുവൻ ഡൊമിനിക്കച്ചനും ദിയാഗോ മെത്രാനും പുതുതായി കൂടിയ വ്യക്തികളും തങ്ങൾക്ക് ഒരു വഴി തുറന്നു കിട്ടാൻവേണ്ടി പ്രാർത്ഥിച്ചു. ഫ്രാൻസിലും, ഫ്രാൻസിനപ്പുറത്തും നടത്താനിരുന്ന യാത്ര നേരം പുലരുന്നതിനു മുമ്പുതന്നെ അവർ ആരംഭിച്ചുകഴിഞ്ഞു. ഇരുളകന്ന് പ്രകാശം വ്യാപിക്കുന്നതോടൊപ്പം അവരുടെ മനസിലും പ്രത്യാശ നിറയുകയായിരുന്നു.
ഫ്രാൻസിലെ അന്നത്തെ പ്രതിസന്ധിയുടെ പ്രധാനപെട്ട കാരണം സഭയിലെ നേതൃത്വങ്ങൾക്കുണ്ടായിരുന്ന നിസ്സംഗതയും അവർ നയിച്ച ആർഭാട ജീവിതവുമായിരുന്നു. ഇതിൽനിന്നും ആർക്കുംതന്നെ ക്രിസ്തുസാക്ഷ്യമോ ക്രിസ്തുവിനെയോ ലഭിച്ചിരുന്നില്ല. അതിനാലാണ് വചനത്തിൽ പറയുന്നതുപോലെ “ഉടമസ്‌ഥന്‍ അശ്രദ്‌ധനായാല്‍ മേല്‍ക്കൂര ഇടിഞ്ഞുവീഴും; അവന്‍ അലസനായാല്‍ പുര ചോരും.” (സഭാപ്രസംഗകന്‍ 10 : 18) എന്നത് അവിടെ യഥാർത്യമായത്. “ശക്‌തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി. വിശക്കുന്നവരെ വിശിഷ്‌ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്‌തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.” (ലൂക്കാ 1 : 52-53) എന്ന് പറഞ്ഞ പരിശുദ്ധ അമ്മയെപ്പോലെ ദിയാഗോ മെത്രാനും ലാളിത്യത്തിന്റ പ്രാധാന്യത്തെ ചൂണ്ടിക്കാണിച്ചത് ഈ കാരണത്താലാണ്. അതുകൊണ്ട് നമ്മുക്കും അനാവശ്യ സുഖങ്ങൾ ഉപേക്ഷിച്ചു മിശിഹായ്ക്ക് സാക്ഷ്യം നൽകുന്ന പ്രേക്ഷിതരായി മാറാൻ ആഗ്രഹിക്കാം, അതിനായി പ്രാർത്ഥിക്കാം.
(കടപ്പാട് : വിശുദ്ധ ഡൊമിനിക്ക്; എം. വി. വുഡ്ഗേറ്റ്, അദ്ധ്യായം 4)
പ്രാർത്ഥന
കാരുണ്യവാനായ കർത്താവേ, എളിമയുള്ളവർക്ക് കൃപനൽകുന്ന ദൈവമേ, ഞങ്ങൾ അങ്ങേ സ്തുതിക്കുന്നു.(യാക്കോബ് 4:6) ആഡംബരത്തിനും സ്ഥാനമാനങ്ങൾക്കും വില നൽകുന്ന ഈ ലോകത്തിൽ അങ്ങ് ഞങ്ങൾക്ക് ലാളിത്യത്തിന്റെ മാതൃക നൽകിയല്ലോ. ഈശോയെ, അങ്ങയെപ്പോലെ ലാളിത്യം പുൽകി എളിയവരായി ജീവിക്കുവാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ. അങ്ങനെ ലോകസുഖങ്ങൾക്ക് ദരിദ്രരായി ജീവിച്ചുകൊണ്ട് അങ്ങയുടെ സുവിശേഷം ലോകം മുഴുവൻ അറിയിക്കുവാൻ ഞങ്ങളെ ശക്തരാക്കണമേ.
ആമേൻ.
വിശുദ്ധ ഡൊമിനിക്കേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
PDM – Ruha Mount Attappadi