1887ൽ ഇറ്റലിയിലെ പിയത്രെൽച്ചിനയിൽ ജനിച്ച ഫ്രാൻസെസ്‌കോ എന്ന വി.പാദ്രെ പിയോ അഞ്ചാമത്തെ വയസിൽ തന്നെ ഈശോയ്ക്ക് തന്റെ ജീവിതം പൂർണമായും സമർപ്പിച്ചു. ചെറുപ്പം മുതലെ ദൈവവുമായി നിരന്തരസമ്പർക്കം പുലർത്തിയിരുന്ന അദ്ദേഹത്തിന് തന്റെ കാവൽമാലാഖയെ കാണാൻ കഴിയുമായിരുന്നു.ആടുകളെ മേയ്ച്ച് കുടുംബത്തെ സഹായിച്ചിരുന്ന വിശുദ്ധൻ പതിനഞ്ചാം വയസിൽ കപ്പൂച്ചിൻ ആശ്രമത്തിൽ ചേരുകയും ‘പിയോ’ എന്ന നാമം സ്വീകരിക്കുകയും ചെയ്തു.ഇരുപത്തിമൂന്നാം വയസിൽ പൗരോഹിത്യം സ്വീകരിച്ചു. പ്രാർത്ഥനയുടെ മനുഷ്യനായിരുന്ന വി.പാദ്രെ പിയോ ദൈവവുമായുള്ള സമ്പൂർണ്ണ ഐക്യത്തിലായിരുന്നു കഴിഞ്ഞിരുന്നത്. മണിക്കൂറുകൾ നീണ്ടുപോയിരുന്ന ഭക്തിപൂർണ്ണമായ ദിവ്യബലി അർപ്പണവും, എണ്ണമറ്റ ജപമാല പ്രാർത്ഥനകളും വിശുദ്ധന്റെ ശക്തിസ്രോതസ്സായിരുന്നു.കുറഞ്ഞ അളവിലുള്ള ഭക്ഷണവും ഉറക്കവും മാത്രം വേണ്ടിയിരുന്ന വിശുദ്ധൻ,ദിവസവും 19 മണിക്കൂറോളം ചെലവഴിച്ച് കുമ്പസാരത്തിലൂടെയും മറ്റ് ശുശ്രൂഷകളിലൂടെയും ആത്മാക്കളെ നേടിയിരുന്നു.1918ൽ വിശുദ്ധന്റെ ശരീരത്തിൽ പഞ്ചക്ഷതങ്ങൾ ഉണ്ടായി. പരിശുദ്ധാത്മാവ് നൽകിയ വരങ്ങളായ ബൈലൊക്കേഷൻ,ആത്മാക്കളെ വിവേചിക്കാനുള്ള കഴിവ്,വിവിധ ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവ്, പ്രവചനവരം എന്നിവയെല്ലാം വിശുദ്ധനിലുണ്ടായിരുന്നു. വിശുദ്ധന്റെ ഈ പ്രത്യേകതകൾ മൂലം ആളുകൾ അദ്ദേഹത്തെ കാണാൻ ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നും എത്തിയിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് തിരുസഭാനേതൃത്വം അന്വേഷണം നടത്തുകയും വിശുദ്ധന്റെ പഞ്ചക്ഷതം അടക്കമുള്ള കാര്യങ്ങൾ വാസ്തവമാണെന്ന് അംഗീകരിക്കുകയും ചെയ്തു.1968ലാണ് വി. പാദ്രെ പിയോ മരണമടഞ്ഞത്.2002ൽ വി. ജോൺ പോൾ രണ്ടാമൻ പാപ്പ അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്തു.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=311
http://www.pravachakasabdam.com/index.php/site/news/2592
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount