1201 ൽ അസ്സീസിയും പെറൂജിയായും തമ്മിൽ യുദ്ധം നടക്കുന്ന കാലം. പേരും പെരുമയും മാടമ്പിസ്ഥാനവും കൈക്കലാക്കാൻ ഇതുതന്നെ പറ്റിയ അവസരം ഫ്രാൻസിസ് പടക്കോപ്പുകൾ ഒരുക്കി യാത്ര ചോദിക്കുവാനായി മാതാപിതാക്കളെ സമീപിച്ചു. തന്റെ കുടുംബത്തിന് കരഗതമാകാൻ പോകുന്ന മാടമ്പിസ്ഥാനത്തിന്റെ ആകാശക്കോട്ടയുടെ ഉത്തുംഗശൃംഗത്തിൽ നിന്ന് ബർണാഡ് പുത്രനെ അനുഗ്രഹിച്ചു. അമ്മ മകന്റെ മാനസാന്തരത്തിനുവേണ്ടി കരഞ്ഞു പ്രാർത്ഥിച്ചു.
യുദ്ധത്തിൽ അസ്സീസി തോറ്റു. ഫ്രാൻസിസും കൂട്ടുകാരും ഒരു കൊല്ലത്തോളം പെറൂജിയക്കാരുടെ തടവിൽ കഴിഞ്ഞു. ഒരു വർഷത്തിനു ശേഷം പരസ്പരം ഉണ്ടാക്കിയ കരാറനുസരിച്ച് ഫ്രാൻസിസും കൂട്ടുകാരും മോചിതരായി. മാടമ്പിസ്ഥാനം കൊതിച്ച് പോയ ഫ്രാൻസിന്റെ ആരോഗ്യം ക്ഷയിച്ച്, വീട്ടിലെത്തി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ശക്തമായ പനി പിടിപ്പെട്ടു. മരണം സംഭവിക്കുമോ എന്നുപോലും ഭയപ്പെട്ടു. എന്നാൽ, പിക്കാമ്മയുടെ പരിചരണം കൊണ്ട് ആരോഗ്യം പഴയസ്ഥിതിയി ലെത്തി. സാവധാനം വീണ്ടും പഴയ ജീവിതം ആരംഭിച്ചു. മിന്നിതിളങ്ങുന്ന വിലപിടിപ്പുളള സിൽക്ക് വസ്ത്രങ്ങളും അണിഞ്ഞ്, ആടിപ്പാടി ഫ്രാൻസിസ് നടന്നു. ചിലപ്പോഴൊക്കെ, കടയിൽ അപ്പനെ സഹായിക്കുമായിരുന്നു. എന്നാൽ, ഈ ദുരന്തത്തിന്റെ ജീവിതത്തിലും മറ്റെങ്ങോ ആയിരുന്നു അവന്റെ മനസ്സ്. കഷ്ടപ്പാടുകളുടെ കഥ കേട്ടാൽ കരളലിയും. അപ്പൻ കാണാതെ പണപ്പെട്ടിയിൽ കൈയ്യിടും. പാവപ്പെട്ടവർക്ക് കയ്യിലുള്ളതെന്തും കൊടുക്കും. ഒരിക്കൽ ഒരു ഭിക്ഷുവന്നു ഫ്രാൻസിസിനു മുമ്പിൽ കൈ നീട്ടി. തിരക്കിനിടയിൽ അയാളെ ശ്രദ്ധിക്കാൻ സമയം കിട്ടിയില്ല. അൽപസമയത്തിനുശേഷം അയാളെ ഓർത്ത ഫ്രാൻസിസ് ആ പിച്ചക്കാരന്റെ പിറകെ ഓടി. കൈ നിറയെ പണം കൊടുത്തു.
പണം മകന്റെ ഓട്ടക്കയ്യിലൂടെ ചോരുന്നത് ബർണാഡ് അറിയുന്നുണ്ടായിരുന്നു. എങ്കിലും അയാൾ എതിർത്തില്ല.
1198-ൽ ജർമ്മൻ പ്രഭുക്കന്മാർ ഇന്നസെന്റ് മാർപ്പാപ്പക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. മാർപ്പാപ്പക്കുവേണ്ടി യുദ്ധം ചെയ്യുവാനും വീരശൂരപരാക്രമിയായി മാടമ്പി സ്ഥാനവുമായി തിരിച്ചുവരാനും ഫ്രാൻസിസ് ആഗ്രഹിച്ചു. ബർണാഡ് അതിൽ ഏറെ സന്തോഷിച്ചു. വാൾട്ടയർ പ്രഭു ആയിരുന്നു പാപ്പാ സൈന്യത്തിന്റെ തലവൻ. വെട്ടിത്തിളങ്ങുന്ന പടച്ചട്ടയും ഒന്നാന്തരം കുതിരയുമായി ഫ്രാൻസിസ്കോ മാതാപിതാക്കളുടെ മുന്നിലെത്തി. “മോനെ പ്രാർത്ഥന ഒരിക്കലും മുടക്കരുത്.” “ഇല്ലമ്മേ.” “ഇത്തവണ നീ ജയിച്ചു വരും, എനിക്കുറപ്പാണ്.” പീറ്റർ ബർണാഡ് ആത്മഗതം ചെയ്തു. തന്റെ കുടുംബത്തിന് വരാൻ പോകുന്ന മാടമ്പിസ്ഥാനവും പേരും പെരുമയും ഓർത്ത് അയാൾ അതീവ സന്തുഷ്ടനായിരുന്നു. സ്പെലറ്റോ താഴ്വരയിൽ ആയിരുന്നു അന്നു രാത്രിയിലെ സൈനിക ക്യാമ്പ്. രാത്രിയിൽ മറ്റു പട്ടാളക്കാരോടുകൂടെ ഉറങ്ങുകയായിരുന്ന ഫ്രാൻസിസിന് ഒരു ദർശനം ഉണ്ടായി. വെള്ളിവെളിച്ചത്തിൽ മുങ്ങി നിൽക്കുന്ന ആകാശം. ആരോ തന്നെ വിളിക്കുന്നു. “ഫ്രാൻസിസ്, ഫ്രാൻസിസ് ‘ അവൻ ഞെട്ടിയുണർന്നു. “ആരാണ്..?” ആരും അടുത്തില്ല. താൻ ഒരു അശരീരി കേട്ടതാണെന്നു അവന് മനസ്സിലായി.
“ഫ്രാൻസിസ്, യജമാനനെ സേവിക്കുന്നതോ, ഭൃത്യനെ സേവിക്കുന്നതോ കൂടുതൽ ഉചിതം…..?”
“താനനെ സേവിക്കുന്നത്.”
“എങ്കിൽ നീ എന്തിന് ഭൃത്യനെ സേവിക്കാൻ പോകുന്നു.”
“ഞാൻ എന്തു ചെയ്യണം കർത്താവേ. “
“വേഗം അസ്സീസിയിലേക്കു മടങ്ങുക. എന്തുചെയ്യണമെന്ന് അവിടെയെത്തുമ്പോൾ ഞാനറിയിക്കാം.” നേരം വെളുത്തപ്പോൾ ഫ്രാൻസിസ് അസ്സീസിയിലേക്ക് മടങ്ങി
ഫ്രാൻസിസ് യുദ്ധസ്ഥലത്തു നിന്ന് മടങ്ങി എന്ന് വിശ്വസിക്കാൻ ആർക്കും സാധിച്ചില്ല. “നീയെന്താ മോനെ പോന്നത്.” “യുദ്ധം എനിക്കു പറ്റിയ പണിയല്ലമ്മേ. “എന്നാരു പറഞ്ഞു.” “ദൈവം, ദൈവം എന്നോട് സംസാരിച്ചു. യജമാനനെയോ ഭൃത്യനേയോ ആരെയാണ് സേവിക്കേണ്ടത് എന്നു ചോദിച്ചു.” എല്ലാം കേട്ടു നിന്ന പിതാവ് ശാസനാസ്വരത്തിൽ ചോദിച്ചു: “യുദ്ധം മേല, കടയിൽ വരാൻ മടി, തെരുവിലെ കൂടിയാട്ടമാണോ നിനക്കു പറ്റിയ പണി..!”
കൂട്ടുകാർക്ക് ഫ്രാൻസിസിന്റെ മ്ലാനവദനം കണ്ടപ്പോൾ ആകെ അമ്പരപ്പായി. അവരുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാതെ വഴുതിമാറി അവൻ. വൈകീട്ട് യുവസംഘത്തിലേക്ക് കാണാതായപ്പോൾ സുഹൃത്തുക്കൾ ഫ്രാൻസിസിന അന്വേഷിച്ചു. സാൻദാമിയാനൊ പള്ളിയിൽ നിന്നിറങ്ങി വരുന്ന ഫ്രാൻസിസിനെ അവർ കണ്ടെത്തി. അവർ അവനെ വളഞ്ഞു പിടിച്ചു. “നിന്നെ ആരെങ്കിലും വശീകരിച്ചോ.” ക്രമേണ കൂട്ടുകാരിൽ നിന്ന് ഒറ്റപ്പെടുകയായിരുന്നു ഫ്രാൻസിസ്. രാവിലെ സാൻദാമിയാനോ പള്ളിയിൽ പോകും, കുർബാന കഴിഞ്ഞ് ആളുകൾ പിരിഞ്ഞാലും കുറേനേരം അവിടെയിരുന്ന് പ്രാർത്ഥിക്കും. കടയിലേക്ക് പോക്ക് വിരളമായി. “ഇവനെന്തുപറ്റി. കടയിലേക്ക് വരുന്നതും വരാത്തതും സമം. വല്ല രോഗവും പിടിപെട്ടോ? ബർണാഡ് ഭാര്യയോട് കാര്യം തിരക്കി. മകനെ എന്തോ ചിന്തകൾ മഥിക്കുന്നുണ്ടെന്ന് അമ്മയ്ക്കും തോന്നി. അസ്സീസിയിലേക്കു മടങ്ങുവാൻ കൽപിച്ചത് കർത്താവാണ്. കർത്താവിൽ നിന്ന് പിന്നീട് അടയാളമൊന്നും ലഭിച്ചുമില്ല. റോമിലേയ്ക്ക് ഒരു തീർത്ഥയാത്ര പോയേക്കാം. അപ്പോസ്തലന്മാരുടെ കബറിടങ്ങളിൽ പ്രാർത്ഥിക്കാം. കർത്താവിന്റെ അരുളപ്പാടു് ലഭിച്ചേക്കും. അവൻ അമ്മയോട് പറഞ്ഞു. “ഞാൻ റോമിലേക്ക് തീർത്ഥാടനത്തിന് പോകുകയാണ്. അമ്മ എതിരു പറഞ്ഞില്ല. അന്നുതന്നെ ഫ്രാൻസിസ് രക്തസാക്ഷികളുടെ നഗരത്തിലേക്ക് പുറപ്പെട്ടു.
യുവത്വത്തിന്റെ സഹാസങ്ങളിലും ആഘോഷങ്ങളിലും മുഴുകിയിരുന്ന വുശുദ്ധ ഫ്രാൻസിസ് ദൈവസ്വരം കേട്ട് താമസംവിനാ തീരുമാനമെടുത്തു. യുദ്ധത്തിൽ നിന്ന് പൊതുവെ പിന്മാറുന്നത് ഭീരുക്കളാണെന്ന് ചിന്തിച്ചിരുന്ന ഒരു സമൂഹത്തിൽ കർത്താവിനുവേണ്ടി ഭീരുവാകാൻ അദ്ദേഹം തയ്യാറായി. ഇതേ ചങ്കൂറ്റമാണ് ക്രിസ്തീയ ജീവിതത്തിന് ഏറ്റവും ആവശ്യമായുള്ളത്. നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍, (മര്‍ക്കോസ് 16 : 15) എന്ന ഈശോയുടെ പ്രധമവും പ്രധാനവുമായ വിളിക്ക് പ്രത്യുത്തരം നൽകുക വഴി വിശുദ്ധ ഫ്രാൻസിസ് അസ്സിസി പ്രകടിപ്പിച്ച ധീരതയോടെയുള്ള മിശിഹാ സാക്ഷ്യത്തിൽ നമ്മുക്കും പങ്കുകാരാകാം.
(കടപ്പാട്: വിശുദ്ധ ഫ്രാൻസിസ് അസ്സീസി, പാലക്കാട് രൂപത മതബോധന കേന്ദ്രം)
പ്രാർത്ഥന
നിങ്ങളുടെ വിളിയും തെരഞ്ഞെടുപ്പും ഉറപ്പിക്കുന്നതില്‍ കൂടുതല്‍ ഉത്‌സാഹമുള്ളവരായിരിക്കുവാൻ അരുളുചെയ്ത് ഈശോ നാഥാ, ഞങൾ അങ്ങയെ ആരാധിക്കുന്നു. (2 പത്രോസ് 1 : 10) ഞങ്ങളുടെ ജീവിതങ്ങളിൽ അങ്ങയുടെ വിളിക്ക് പ്രത്യുത്തരം നൽകേണ്ട സാഹചര്യം വരുമ്പോൾ ധീരതയോടെ മുന്നേറുവാനും, അങ്ങേക്ക് സാക്ഷ്യം വഹിക്കുവാനും ഞങ്ങളെ ശക്തരാക്കണമേ. അതുവഴി വിശുദ്ധ ഫ്രാൻസിസ് അസ്സിസിയെപ്പോലെ ഞങ്ങളുടെ ജീവിതങ്ങളെ അങ്ങയുടെ ഹിതത്തിന് പൂർണമായി സമർപ്പിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.ആമേൻ.
വിശുദ്ധ ഫ്രാൻസിസ് അസ്സീസിയെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.