റോമായിലെ ഒരു പണി പൂർത്തിയാകാത്ത ബസിലിക്കയിലേക്ക് എത്തി ഫ്രാൻസിസ്. പലരും ചില്ലറത്തുട്ടുകൾ നിക്ഷേപിച്ച് കടന്നുപോകുന്നു. ഫ്രാൻസിസ് കുറേ നാണയങ്ങൾ വാരി പത്രോസിന്റെ കബറിടത്തിലേക്കിട്ടു. ഭിക്ഷക്കാർ ശബ്ദം കേട്ട് എത്തിനോക്കി. അവർക്ക് അവന്റെ കൈയിലുണ്ടായിരുന്നത് മുഴുവൻ ഭാഗിച്ചുകൊടുത്തു. ഒന്നും കിട്ടാത്തവർ തിക്കിത്തിരക്കിക്കൊണ്ടിരുന്നു. കൈയിൽ ഒന്നുമില്ല. കാലിയായ പണസഞ്ചി അവൻ അവർക്കു കാട്ടിക്കൊടുത്തു. സത്യമാണ് അതെന്ന് ഭിക്ഷക്കാർ വിശ്വസിച്ചില്ല. അവൻ തന്റെ പട്ടുവസ്ത്രം ഊരി ഭിക്ഷക്കാരനു കൊടുത്തു. ഭിക്ഷക്കാരന്റെ വസ്ത്രം അവൻ വാങ്ങി ധരിച്ചു. വേഷം കൊണ്ട് ഭിക്ഷക്കാരനായി. കൈയിൽ ഒന്നുമില്ല, അസ്സീസിയിൽ തിരിച്ചെത്തണം. അവനും തീർത്ഥാടകരുടെ മുമ്പിൽ ഭിക്ഷക്കാരോടൊപ്പം കൈനീട്ടി. ഭക്ഷണവും പങ്കിട്ടു. എല്ലാം വിറ്റ് ദരിദ്രർക്ക് കൊടുത്ത് ദാരിദ്ര്യത്തിന്റെ കയ്പം മധുരവും ഒന്നിച്ചനുഭവിക്കുകയായിരുന്നു. മകൻ റോമാനഗരിയിൽ തെണ്ടിയുടെ വേഷം കെട്ടിയത് ബർണാഡ് അറിഞ്ഞിരുന്നു. ഭിക്ഷുവേഷത്തിൽ ബംഗ്ലാവിലെത്തിയ ഫ്രാൻസിസിനെ അയാൾ പിടികൂടി കഠിനമായി മർദ്ദിച്ചു.
എല്ലാം സന്തോഷത്തോടെ സഹിച്ച് ദൈവസ്വരം കേൾക്കാൻ കൊതിച്ച് ഫ്രാൻസിസ് ദേവലായത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഒരു ദിവസം വീണ്ടും ഒരു അശിരീരി കേട്ടു. “ഫ്രാൻസിസ്, എന്റെ ഇഷ്ടമെന്തെന്ന് ഇനിയും നീ മനസ്സിലാക്കിയില്ല, അല്ലേ. അതറിയാൻ ഒരു മാർഗ്ഗം. നിനക്കിഷ്ടമുള്ളതെല്ലാം നീ ഉപേക്ഷിക്കണം നിനക്കു വെറുപ്പുള്ളവയെ സന്തോഷത്തോടെ സ്വീകരിക്കുകയും വേണം.” ദൈവസ്വരം വീണ്ടും കേൾക്കാൻ സാധിച്ചതിൽ ഫ്രാൻസിസ് ഏറെ സന്തോഷിച്ചു.
ഒരു ദിവസം സ്പൊലെറ്റോ താഴ്വരയിലൂടെ കുതിരപ്പുറത്ത് വിരിചെയ്യുമ്പോൾ വഴിയരുകിൽ ഒരു കുഷ്ഠരോഗി ഇരിക്കുന്നത് അവൻ കണ്ടു. ഒന്നേ നോക്കിയുള്ളു. അപ്പോഴേക്കും ആ നോട്ടം പിൻവലിച്ചു. അൽപദൂരം മുന്നോട്ട് പോയി. അപ്പോഴാണ് ദേവാലയത്തിൽ വെച്ച് കേട്ട ആ അശരീരിയെക്കുറിച്ച് അവൻ ഓർത്തത്. അവൻ കുതിരയെ തിരിച്ചുവിട്ടു. എന്തെങ്കിലും കിട്ടുമെന്ന് കരുതി ആ കുഷ്ഠരോഗി കൈനീട്ടി. ഒട്ടും മടിക്കാതെ അയാളെ ഫ്രാൻസിസ് കെട്ടിപ്പിടിച്ചു. അയാൾ കുതറിമാറാൻ ശ്രമിച്ചെങ്കിലും ഫ്രാൻസിസ് അയാളെ വിട്ടില്ല. അവന്റെ അന്തരംഗം ഉരുവിട്ടു. കർത്താവേ ഇതാ ഞാൻ. കുറച്ചുകഴിഞ്ഞ് അവൻ തിരിഞ്ഞുനോക്കിയപ്പോൾ അവിടെ ആ കുഷ്ഠരോഗിയെ കണ്ടില്ല. അവൻ അത്ഭുതസ്തബദ്ധനായി. ആ കുഷ്ഠരോഗി ഈശോ ആയിരുന്നുവെന്ന് ഫ്രാൻസിസ് ഊഹിച്ചു.
പിന്നിടങ്ങൊട്ട് വിശുദ്ധ ഫ്രാൻസിസ് അസ്സിസിയുടെ ജീവിതത്തിലുടനീളം സ്നേഹത്തിന്റെ പ്രവർത്തനങ്ങളായിരുന്നു. എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത്, (മത്തായി 25 : 40) എന്ന വചനം അദ്ദേഹം തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കി. തനിക്കുള്ളതെല്ലാം മറ്റുള്ളവരുടെ നന്മയ്ക്കായി അദ്ദേഹം മാറ്റിവെച്ചു. നമുക്കും നമ്മുടെ കഴിവുകൾക്ക് അനുസരിച്ച് മറ്റുള്ളവരെ സഹായിക്കാനും മിശിഹായ്ക്ക് സാക്ഷ്യം വഹിക്കുവാനും നമ്മുക്ക് പരിശ്രമിക്കാം.
(കടപ്പാട്: വിശുദ്ധ ഫ്രാൻസിസ് അസ്സീസി, പാലക്കാട് രൂപത മതബോധന കേന്ദ്രം)
പ്രാർത്ഥന
സ്നേഹനിധിയായ ഈശോയെ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ജീവിതത്തിൽ വിശുദ്ധ ഫ്രാൻസിസ് അസ്സിസിയെപ്പോലെ, മറ്റുള്ളവരിൽ അങ്ങയെ ദർശിക്കുവാനും അങ്ങേക്കുവേണ്ടി ജീവിക്കുവാനും ഞങ്ങളെ ശക്തരാക്കണമേ. അതുവഴി അനേകരുടെ മുന്നിൽ അങ്ങേക്ക് സാക്ഷ്യം വഹിക്കുവാൻ ഞങ്ങളെ യോഗ്യരക്കണമേ.
ആമേൻ.
വിശുദ്ധ ഫ്രാൻസിസ് അസ്സീസിയെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
PDM – Ruha Mount