ഒരു സായാഹ്നത്തിൽ പതിവുപോലെ ഫ്രാൻസിസ് സാൻദാമിയാനോ ദേവാലയത്തിന്റെ ക്രൂശിത രൂപത്തിനുമുമ്പിൽ മുട്ടുകുത്തി. പെട്ടെന്ന് ഫ്രാൻസിസ് എന്ന് ആരോ വിളിക്കുന്നപോലെ അവൻ ശ്രദ്ധിച്ചു. ആരും ആ തകർന്നുകൊണ്ടിരുന്ന ദേവാലയത്തിൽ വരാറില്ല. “ആരാണാവോ” വീണ്ടും ഫ്രാൻസിസ് പ്രാർത്ഥനയിൽ മുഴുകി. ആ അശരീരി വീണ്ടും കേൾക്കാനിടയായി.
“എന്റെ ദേവാലയം ജീർണ്ണാവസ്ഥയിലായിരിക്കുന്നു അതു നീ പുതുക്കിപണിയണം.”
സമയം കിട്ടുമ്പോഴൊക്കെ അവൻ സാൻദാമിയാനോയിലേക്കും,
ചിലപ്പോൾ കാർചെറിവനത്തിലെ ഗുഹയിലേക്കും പോകും. ധ്യാനവും,
പ്രാർത്ഥനയും അവന് ഇഷ്ടമായിരുന്നു. കടയിലേക്കുളള പോക്ക് നന്നേ കുറഞ്ഞു. പക്ഷേ പണമുണ്ടാക്കണം. അപ്പൻ വിദേശയാത്രയിലാണ്. മടങ്ങിവരുന്നതിനു മുമ്പേ പളളിപണിക്ക് പണമുണ്ടാക്കാണം. അവൻ വീട്ടിലേക്കു ചെന്നു. വിവരമറിഞ്ഞപ്പോൾ അമ്മ തടസ്സം പറഞ്ഞു. അപ്പൻ വന്നിട്ടു പോരെ.
“ഉടൻ വേണം.” ഫ്രാൻസിസ് പറഞ്ഞു.
ഒരു കുതിരയ്ക്ക് ചുമക്കാനാവുന്ന വസ്ത്രങ്ങളുമെടുത്ത് അവൻ പൊലിയോയിലേക്കു പോയി മുഴുവൻ വിറ്റു. ഒടുവിൽ കുതിരയെയും വിറ്റു. കിട്ടയ പണവുമായി സാൻദാമിയാനോ പളളി വികാരിക്കടുത്തെത്തി. “അച്ചോ, നമ്മുടെ പളളിയുടെ കേടുപോക്കാൻ ഇതാ കുറേ പണം.” പണമുണ്ടാക്കിയ രീതി അച്ച്നിഷ്ടപ്പെട്ടില്ല. ബർണാഡു വന്നിട്ടല്ലാതെ ഞാനിതിൽ തൊടില്ലെന്ന് അച്ചൻ പറഞ്ഞു. അവൻ പണസഞ്ചി മേശപ്പുറത്തുവച്ച് തന്റെ ഒളിത്താവളത്തിലേക്കു പോയി. നിരന്തരമായ പ്രാർത്ഥനയിൽ മുഴുകി. കൂട്ടുകാർ കണ്ടിട്ടും കാണാത്ത ഭാവത്തിൽ മാറി.
ധൂർത്തനായ മകനെത്തേടി നടക്കുകയായിരുന്നു ബർണാഡ്. മകൻ ഒളിത്താവളം വിട്ടു വരുന്നെന്നു കേട്ടപ്പോൾ പിടികൂടാൻ അയാൾ തയ്യാറായി നിന്നു. ഫ്രാൻസിസിനെ കണ്ടതും ബർണാഡ് ചാടിവീണ് ചിത്തവിളിച്ചു; മർദ്ദിച്ചു. ചെറിയ മുറിയിലിട്ടടച്ചുപൂട്ടി താക്കോലുമായി ബർണാഡ് പുറത്തേക്കുപോയി. ഒന്നുരണ്ടു ദിവസം പട്ടിണി കിടന്നു. പീക്കാമ്മയുടെ മനസ്സ് നൊന്തു. പൂട്ട് തല്ലിപ്പൊളിച്ച് പുത്രനെ പുറത്തേക്കു കൊണ്ടുവന്നു. ഫ്രാൻസിസ് രക്ഷപ്പെട്ടത് കേട്ട് ബർണാഡ് അരമനക്കോടതിയിൽ കേസുകൊടുത്തു. പണാപഹരണം, അനുസരണക്കേട്, ധൂർത്ത് എന്നിവയാണ് ആരോപണങ്ങൾ. ഫ്രാൻസിസ് അപഹരിച്ച പണം പള്ളിപണിക്കെന്ന പേരിൽ കൈപ്പറ്റിയ വികാരിയെയും കേസിൽ പ്രതിയാക്കിയിരുന്നു. അരമനക്കോടതികൂടി. ഗിദോമെത്രാൻ അദ്ധ്യക്ഷസ്ഥാനത്ത ഉപവിഷ്ടനായി. ആരോപണങ്ങൾക്ക് മറുപടിയായി ഫ്രാൻസിസ് പറഞ്ഞു. “എനിക്കവകാശപ്പെട്ടതേ ഞാനെടുത്തിട്ടുള്ളൂ. അതും ഒരു നല്ല കാര്യത്തിനുവേണ്ടി. എനിക്ക് അപ്പന്റെ സ്വത്ത് ഒന്നും വേണ്ട.” വികാരിയച്ഛൻ പറഞ്ഞു: “14 വയസ്സ് മുതൽ കടയിൽ ജോലി ചെയ്യുന്നതാണ് അവൻ കുറച്ചു പണം എടുത്തിട്ടുണ്ടെങ്കിൽ അതു് വേല കൂലിയായി കണക്കാക്കിയാൽ മതി.” “അപ്പൻ പറഞ്ഞതും ഫ്രാൻസിസ് പറഞ്ഞതും ശരി. പക്ഷേ, തർക്കത്തിലുളള സ്വത്ത്, സ്വമനസ്സാ സംഭാവന ചെയ്യാത്ത പണം പളളിക്കുവേണ്ട. അതു തിരികെ കൊടുത്തേക്കൂ” ബിഷപ്പ് പറഞ്ഞു.
ബർണാഡ് അപ്പോഴേക്കും പണസഞ്ചി മേശപ്പുറത്തുനിന്ന് റാഞ്ചി കഴിഞ്ഞിരുന്നു “ഫ്രാൻസിസ് എന്തു പറയുന്നു?” ”പിതാവേ, എനിക്ക് സമ്പത്തൊന്നും വേണ്ട.” “എന്ത്, നിനക്ക് അപ്പന്റെ സ്വത്ത് ഒന്നും വേണ്ടെന്നോ?” ബിഷപ്പ് ചോദിച്ചു. “അതേ തിരുമേനി, ഞാൻ എല്ലാം ഉപേക്ഷിച്ച് സന്യസിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. ” “അപ്പോൾ നി ധരിച്ചിരിക്കുന്നവിലപിടിപ്പുളള ഉടയാടകളും ആഭരണങ്ങളും ആരുടേതാണ്.” ബർണാഡ് ചോദിച്ചു. താൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഊരി ബർണാഡിന്റെ മുന്നിൽ വച്ചിട്ടു പറഞ്ഞു. “ഇതാ എടുത്തുകൊള്ളൂ.” ഉടുതുണി പോലും ഊരിക്കൊടുത്ത ഫ്രാൻസിസിനെ എല്ലാവരും അത്യത്ഭുതാദരവോടെ നോക്കി. താൻ ഊരിവെച്ച വസ്ത്രം അപ്പൻ ആവേശത്തോടെ കൈക്കലാക്കിയപ്പോൾ ഫ്രാൻസിസ് പറഞ്ഞു. “ഇന്നുവരെ പീറ്റർ ബർണാഡിനെ ഞാൻ അപ്പൻ എന്നു വിളിച്ചിരുന്നു. ഇനിമുതൽ സ്വർഗ്ഗസ്ഥനായ പിതാവാണ് എന്റെ അപ്പൻ.” ബിഷപ് ഗീദോ വേഗം താഴേക്കിറങ്ങി വന്ന് തന്റെ മേൽക്കുപ്പായം കൊണ്ട ഫ്രാൻസിസിന്റെ നഗ്നത മറച്ചുപിടിച്ചു. തോട്ടത്തിൽ പണിയെടുത്തിരുന്ന ഒരു വേലക്കാരന്റെ ഉടുപ്പ് വാങ്ങി അവനെ ധരിപ്പിച്ചു.
എല്ലാ ബന്ധനങ്ങളിൽ നിന്നും വിടുതൽ നേടിയ ഫ്രാൻസിസിന് ദൈവമാണിനി വഴികാട്ടിയും പിതാവും എല്ലാമെല്ലാം. തോട്ടക്കാരൻ സമ്മാനിച്ച ഉടുപ്പിന്റെ പുറത്ത് ചോക്കുകൊണ്ട് കുരിശടയാളം വരച്ചു. ഉളളിൽ നിറഞ്ഞു നിൽക്കുന്നത് ക്രൂശിതൻ പിന്നിൽ തിളങ്ങുന്നത് കുരിശ്. കുരിശുകളുടെ ഭാരം കൊണ്ട് മനസ്സുപിടയുമ്പോഴും ആവേശമായിരുന്നു ഫ്രാൻസിസിന്. കർത്താവിന്റെ സ്നേഹഗീതികൾ പാടി ഏകാന്തതയിൽ കരുത്താർജ്ജിക്കുവാൻ സുബാസിയോവനം ലക്ഷ്യമാക്കി നടന്നു.
ഫ്രാൻസിസ് വികാരിയച്ചനെ കണ്ടു. പളളിയുടെ ജീർണ്ണോദ്ധാരണം നടക്കണം അതിനു കല്ലും കുമ്മായവും ഒരു ചെറുപ്പക്കാരൻ മാത്രം വിചാരിച്ചാൽ നടക്കുമോ. “നമുക്കുണ്ടാക്കണം” ഫ്രാൻസിസ് പറഞ്ഞു. അസ്സീസിയിലെ കവലകളിൽ പോയി നിന്ന് ഫ്രാൻസിസ് പറഞ്ഞു. സാൻദാമിയാനൊപളളി പണിയുവാൻ കല്ലുവേണം. ഒരു കല്ലു തരുന്നവർക്ക് ഒരു സമ്മാനം. രണ്ടു കല്ലു തരുന്നവർക്ക് രണ്ട് സമ്മാനം, മൂന്ന് കല്ലുകൾ തരുന്നവർക്ക് മൂന്ന് സമ്മാനം. സമ്മാനം തരുന്നതാരാ ദൈവം, പലരും കല്ലുകൊടുത്തു. ചിലരെങ്കിലും പരിഹസിച്ചു. എങ്കിലും, ദിവസങ്ങൾക്കുളളിൽ ധാരാളം കല്ലുകൾ എത്തി. ഫ്രാൻസിസും പ്രിയമിത്രം ലിയോയും ചേർന്ന് കല്ലുചെത്തി കുമ്മായും കൂട്ടി. ഗോവണി ചാരി മുകളിലേക്ക് കല്ലുകൾ ചുവന്നു. കല്ലിന്മേൽ കല്ലുവെച്ചു പണിതു. ഭിത്തിയുടെ കേടുപോക്കി, പണികളെല്ലാം കഴിഞ്ഞപ്പോൾ അറുപത്താറടി നീളവും, പതിനെട്ടടി വീതിയും.
പളളി പണിയുടെ സമയത്ത് വികാരി ഭക്ഷണം ഉണ്ടാക്കി കൊടുത്തു കൊണ്ടിരുന്നു. ഇത് തുടരുന്നത് ശരിയല്ല എന്ന് മനസിലാക്കിയ ഫ്രാൻസിസ് വികാരിയച്ചനോടു പറഞ്ഞു: “ഇനി ഞങ്ങൾക്കുവേണ്ടി ഭക്ഷണമുണ്ടാക്കണ്ട.” “അപ്പോൾ ഉച്ചയ്ക്ക്?” അച്ചൻ ചോദിച്ചു.
അസ്സീസിയിലേക്ക് പോകുകയാണ് എന്നായിരുന്നു അവന്റെ മറുപടി. വിശ്രമസമയത്ത് ഫ്രാൻസിസ് പിച്ചപ്പാത്രവുമെടുത്ത് തെരുവിലേക്കിറങ്ങി, ദൈവത്തെ ഓർത്ത് എന്തെങ്കിലും തരണേ എന്നു യാചിച്ചുകൊണ്ട് പാത്രം നീട്ടും. ചിലർ ആഹാരം കൊടുത്തു. ചിലർ പരിഹസിക്കുകയും ഭ്രാന്തൻ എന്നു വിളിക്കുകയും ചെയ്തു. ഫ്രാൻസിസ് എല്ലാം ദൈവസ്നേഹത്തെ പ്രതി സഹിച്ചു.
ഇതുപോലെ, തനിക്കുള്ളതെല്ലാം ഉപേക്‌ഷിക്കാതെ നിങ്ങളിലാര്‍ക്കും എന്റെ ശിഷ്യനാവുക സാധ്യമല്ല, (ലൂക്കാ 14 : 33) എന്ന് പറഞ്ഞ ഈശോയെ പൂർണമായി പിൻചെന്ന പുണ്യത്മാവാണ് വിശുദ്ധ ഫ്രാൻസിസ് അസ്സിസി. ഈശോയ്ക്ക് വേണ്ടി ജീവിതത്തിൽ എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹിക്കാത്തവരായി നമ്മളിൽ ആരുമില്ല. അതുകൊണ്ട് തന്നെത്തന്നെ പരിത്യജിച്ച വിശുദ്ധ ഫ്രാൻസിസ് അസ്സിസിയെപ്പോലെ നമ്മുക്ക് ഈശോയെ സ്നേഹിക്കാം.
(കടപ്പാട്: വിശുദ്ധ ഫ്രാൻസിസ് അസ്സീസി, പാലക്കാട് രൂപത മതബോധന കേന്ദ്രം)
പ്രാർത്ഥന
കാരുണ്യവാനായ കർത്താവേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലെ വരുന്നവന് എന്റെ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല, (ലൂക്കാ 14 : 27) എന്ന് അങ്ങ് അരുളുചെയ്ത ഈശോ നാഥാ, ക്ലേശങ്ങളും ദുഃഖങ്ങളും ജീവിതത്തിൽ കടന്നുവരുമ്പോൾ അങ്ങയിൽ ദൃഷ്ടി പതിച്ച് മുന്നേറുവാൻ ഞങ്ങളെ സഹായിക്കണമേ. വിശുദ്ധ ഫ്രാൻസിസ് അസ്സിസിയെപ്പോലെ സ്വയം പരിത്യജിച്ചുകൊണ്ട് അങ്ങേക്ക് സാക്ഷിയാകാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ.
ആമേൻ.
വിശുദ്ധ ഫ്രാൻസിസ് അസ്സീസിയെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
PDM – Ruha Mount