1208 ഫെബ്രുവരി 24ൽ വിശുദ്ധ മത്തിയാസിന്റെ തിരുനാൾ കുർബാന മധ്യേയുള്ള സുവിശേഷ വായന ആരംഭിച്ചു. “സ്വർഗ്ഗരാജ്യം സമീപിച്ചിരുക്കുന്നുവെന്നു നിങ്ങൾ പോയി പ്രസംഗിക്കുക. രണ്ടുടുപ്പോ വടിയോ എടുക്കരുത്.” ഈ വാക്യങ്ങൾ വഴി കർത്താവ് തന്നോടാണ് സംസാരിക്കുകയാണെന്ന് ഫ്രാൻസിസിന് തോന്നി. ഇതാണ് തന്റെ നിയോഗം. പളളിയിൽ നിന്നും പുറത്തുവന്നത് സർവ്വസംഗപരിത്യാഗിയായ ഫ്രാൻസിസാണ്. പളളി മുറ്റത്തു വച്ചുതന്നെ കാലിൽ കിടന്ന ചെരിപ്പ് ഊരിയെറിഞ്ഞു. ഉടുപ്പിനു മുകളിൽ ബെൽറ്റിനുപകരം ഒരു കയർ കെട്ടി സന്യാസിയായി.
താമസിയാതെ കർത്താവിന്റെ സമാധാനം നിങ്ങളോടുകൂടെ എന്നാശംസിച്ചുകൊണ്ട് അദ്ദേഹം പ്രസംഗിക്കാനാരംഭിച്ചു. സുവിശേഷത്തിൽ പറയുന്നതനുസരിച്ചു ജീവിക്കണം, അനുതപിക്കണം, പരിഹാരം ചെയ്യണം, തെരുവുകളിൽ നിന്ന് പ്രസംഗം പള്ളിയകത്തേക്കെത്തി. പ്രസംഗം കേട്ടപ്പോൾ കുറച്ചുപേരുടെയെങ്കിലും മനസ്സിളകി ആത്മപരിശോധനക്കും, പരിവർത്തനത്തിനുമുള്ള ആഹ്വാനം സഹായകരമായി.
ബർണാഡ് ക്വിന്റവൽ എന്ന ധനിക യുവാവാണ് ഫ്രാൻസീസിന്റെ ആദ്യശിഷ്യൻ. ഒരു ദിവസം അവൻ ഫ്രാൻസിസിനെ അത്താഴത്തിനു ക്ഷണിച്ചിട്ട് വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. “എന്റെ ആത്മരക്ഷക്കു പണം ഭീഷണിയാണെന്നു തോന്നുന്നു. ഞാനെന്തു ചെയ്യണം.” ഫ്രാൻസിസ് പറഞ്ഞു. “കർത്താവിനോടു ചോദിക്കാം” നിക്കോളോസിന്റെ പളളിയിൽ ചെന്ന് സുവിശേഷമെടുത്തു. മൂന്നു പ്രാവശ്യം തുറന്നു വായിച്ചു. അവർക്ക് കിട്ടിയത് ‘നി പരിപൂർണ്ണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ പോയി നിനക്കുളളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. നിനക്കു സ്വർഗ്ഗത്തിൽ നിക്ഷേപമുണ്ടായിരിക്കും. പിന്നെ എന്റെ പിന്നാലെ വരിക’ എന്നു വരുന്ന ചിന്തകൾ ഉൾക്കൊള്ളുന്ന സുവിശേഷ ഭാഗങ്ങളാണ്. ഫ്രാൻസിസ് ക്വിന്റവലിനു നേരെ നോക്കി അയാൾ വേഗം പുറത്തേക്കുപോയി ഒരാഴ്ചകൊണ്ട് സ്വത്തെല്ലാം വിറ്റ് പണമാക്കി. ആ പണം ക്വിന്റവലും ഫ്രാൻസിസും കൂടി പാവപ്പെട്ടവർക്കും, ദരിദ്രർക്കും കൊടുത്തു. ഫാ. സിൻവെസ്റ്റർ, പീറ്റർ കത്താനി….. ഫാൻസിസിനു ശിഷ്യന്മാർ വർദ്ധിക്കുകയായി. മൊറിക്കോ ഫിലിപ്പ്, കാപ്പെല്ലാ, സമ്പത്തിനോ, ആളുകളുടെ എണ്ണം വർധിച്ചപ്പോൾ ഭക്ഷണം, പാർപ്പിടം, ഉപജീവനം എന്നിവ വലിയ പ്രശ്നമായി. അസ്സീസിക്കാർ പരാതിയുമായി മെത്രാന്റെ പക്കലെത്തി. മെത്രാൻ ഫ്രാൻസിസിനെ വിളിപ്പിച്ചു ചോദിച്ചു. “പിതാവേ, വയലുകളിലും തോട്ടത്തിലും ജോലി ചെയ്താണ് ഞങ്ങൾ ഉപജീവനം കഴിക്കുന്നത്. ഒരു പണിയും കിട്ടാത്ത ദിവസങ്ങളിൽ മാത്രമേ ഭിക്ഷയാചിക്കുന്നുള്ളൂ. പിതാവിനിഷ്ടമില്ലെങ്കിൽ വേണ്ടെന്നു വെയ്ക്കാം” ഫ്രാൻസിസ് പറഞ്ഞു. തന്റെ സംഘത്തിന് നിസ്സാര സഹോദരന്മാരുടെ സംഘം എന്നു പേരു നൽകി. കാരണം, ധനികരെ മയോരസ്(Major) എന്നും, നിർദ്ധരെ മിനോരസ്(Minor) എന്നും വിളിക്കുക പതിവുണ്ട്. ക്രിസ്തു സന്ദേശം പ്രസംഗിക്കാനും അതിലുപരി പ്രവർത്തിച്ചു കാണിക്കാനുമായി ഈശോ തന്റെ ശിഷ്യരെ ഈരണ്ടുപേരായി അയച്ചതുപോലെ, അവരെ രണ്ടു പേർ വീതമുള്ള നാല് സംഘങ്ങളായി അയച്ചു. ഇത് പലരുടേയും ആദരവിനും ഒട്ടേറെപ്പേരുടെ മാനസാന്തരത്തിനും ഇടയാക്കി. നാലു മാസത്തിനുശേഷം സമൂഹാംഗങ്ങൾ പോർങ്കലായിൽ വീണ്ടും ദരിദ്രജീവിതം ആരംഭിച്ചു. തന്റെ സഭക്ക് നിയമരൂപം നൽകി. സഭയുടെ പേര് ‘നിസ്സാരസഹോദരങ്ങളുടെ സഭ’ എന്നാക്കി. സുവിശേഷാത്മകമായി ജീവിതം. യാത്രയ്ക്ക് യാതൊന്നും കരുതരുത്. ഭക്ഷണമോ, സഞ്ചിയോ, ഒന്നിലേറെ വസ്ത്രമോ ഒന്നും. താണതരം തുണികൊണ്ടുണ്ടാക്കിയ കപ്പൂസോടുകൂടിയ നീണ്ട ചാരനിറമുള്ള കുപ്പായം. അരയിൽ കെട്ടാൻ കയർ. സ്വന്തമായവ എല്ലാം ഉപേക്ഷിച്ചുവരുന്ന ഏവർക്കും സ്വാഗതം. ഈ നിയമാവലിക്ക് മാർപാപ്പയുടെ അംഗീകാരം നേടാൻ ഫ്രാൻസിസ് ശിഷ്യരോടൊപ്പം റോമിലേക്ക് യാത്രയായി. മരച്ചുവട്ടിൽ കിടന്നുറങ്ങിയും ദൈവസ്തുതിഗീതം ആലപിച്ചു. ശ്ലീഹന്മാരുടെ കബറിടം വണങ്ങി ലാറ്റാൻ ദേവാലയത്തിലേക്ക് അവർ നടത്തു. പാപ്പായെ കാണാൻ അനുമതി വേണമെന്നോ, അനുമതി ലഭിച്ചാൽ ചെയ്യേണ്ട ആചാര്യമര്യാദകളോ ആർക്കും നിശ്ചയമില്ലായിരുന്നു. മിശിഹായുടെ വികാരിയെ കാണാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നു കരുതി ഒരു കൂസലും കൂടാതെ തന്റെയടുത്തേക്കുവരുന്ന ആ വികൃത വേഷധാരികളെ മാർപ്പാപ്പ വെറുപ്പോടെ നോക്കി. പാറിപ്പറന്ന മുടിയും ചെളി പുരണ്ട വേഷവും. എന്തൊരു ധിക്കാരം “നിങ്ങളാരാ? ആരോട് ചോദിച്ചാണ് ഇതിനുളളിൽ കടന്നുവന്നത്?”
“ഞങ്ങൾ അസ്സീസിയിൽ നിന്നു വരുന്നവരാണ്. സുവിശേഷമനുസരിച്ച് ജീവിക്കുവാനും സുവിശേഷം പ്രസംഗിക്കുവാനും ഞങ്ങൾക്ക് പിതാവിന്റെ അനുമതി വേണം.” ഫ്രാൻസിസ് വിനയപൂർവ്വം പറഞ്ഞു.
“അതുകൊളളാം അതല്ലേ ഞങ്ങളിവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനിനി നിങ്ങളുടെ സഹായം വേണ്ട.” ഈർഷ്യയോടെ പാഷ പറഞ്ഞു. “എന്തു വൃത്തികെട്ട വേഷം, വല്ല പന്നിക്കൂട്ടത്തിലും ചെന്നു പ്രസംഗിക്ക്… പോ.. കടന്നു പോ…” കൂട്ടുകാരെയും കൂട്ടി ഫ്രാൻസിസ് പുറത്തു കടന്നു. പന്നിക്കൂട് എവിടെയാണ് എന്നായി അവരുടെ അന്വേഷണം. ഒരു പന്നിക്കൂട് കണ്ടെത്തി പന്നികളെ അഭിസംബോധന ചെയ്തതുകൊണ്ട് ഫ്രാൻസിസ് പ്രസംഗിച്ചു. പിറ്റേദിവസം രാവിലെ മാർപ്പാപ്പയുടെ ഭൃത്യന്മാർ ഇവരെത്തേടി പന്നിക്കുഴിയിലെത്തി. “തിരുമേനി നിങ്ങളെ വിളിക്കുന്നു.” രാത്രിയിലുണ്ടായ അസാധാരണമായ ദർശനമാണ് മാർപ്പാപ്പക്ക് മനംമാറ്റം വരാൻ കാരണമായത്. ലാറ്ററൻ ദേവാലയം ആടി ഉലയുന്നു. ഒരു വശത്തേക്ക് ചെരിയുന്നു. ഇപ്പോൾ നിലംപൊത്തുമെന്നായപ്പോൾ പ്രാകൃതവേഷക്കാരനായ ഒരു സന്യാസി ഓടിവന്നു പള്ളിയുടെ ചുവർ താങ്ങി പിടിക്കുന്നു. ബലമായി തളളി, ചാഞ്ഞ് പള്ളി നിവർത്തുന്നു. ഏറെ സന്തോഷത്തോടെ ദൈവത്തിന് നന്ദി പറഞ്ഞ് അവർ മാർപാപ്പയുടെ അടുത്തേക്ക് തിടുക്കത്തിൽ തിരിച്ചു.
പണമില്ലാതെ എങ്ങനെ ജീവിക്കും. സുവിശേഷം അക്ഷരാർത്ഥത്തിൽ ജീവിക്കാനാവുമോ? ദാരിദ്ര്യം വധുവോ? ആർക്കു കഴിയും ഇങ്ങനെ ജീവിക്കാൻ ഇതൊക്കെയായാലും അംഗീകാരം കൊടുക്കാതിരിക്കുന്നതെങ്ങനെ? മാർപ്പാപ്പ പറഞ്ഞു. “നിങ്ങളുടെ സദുദ്ദേശത്തിലും തീക്ഷണതയിലും എനിക്കൊരു സംശയവുമില്ല. നിങ്ങൾക്കല്ല. നിങ്ങളുടെ പിൻഗാമികൾക്ക് ഇതു പ്രയാസമായി തോന്നും. അതുകൊണ്ട് രേഖാമൂലമായ അനുമതി പിന്നീടു തരാം. ആഹ്ലാദത്തോടെ മടങ്ങി. ഫ്രാൻസിസ് ടൈബർ നദിയുടെ കരയിലെ വനത്തിലേക്കു നടന്നു. അവിടെ പതിനാലു ദിവസം ഉപവസിച്ചു പ്രാർത്ഥിച്ചു. അതിനുശേഷം റിവോടോർട്ടോ എന്ന സ്ഥലത്ത് ആളൊഴിഞ്ഞൊരു വീട്ടിൽ കുഷ്ഠരോഗികൾ താമസിക്കുന്ന ലാസർ ഭവനത്തിനടുത്ത് താമസം ആരംഭിച്ചു. നിന്നു തിരിയാൻ ഇടമില്ലാത്ത വീട്, നിസ്സാര സഹോദരങ്ങളുടെ ആദ്യഭവനമായി മാറി. ഫ്രാൻസിസ് പറഞ്ഞു: “എല്ലാ നന്മകളുടേയും റാണിയാണ് ദാരിദ്ര്യം, ദൈവം മനുഷ്യനായി പിറന്നപ്പോൾ തിരഞ്ഞെടുത്തത് ദാരിദ്ര്യമായിരുന്നു.”
കുഷ്ഠരോഗികളോട് വെറുപ്പായിരുന്നു ഫ്രാൻസിസിനെങ്കിലും കുഷ്ഠരോഗിയെ ആലിംഗനം ചെയ്തതുമുതൽ ആ വെറുപ്പു മാറി. അവരെ പരിചരിക്കുക അദ്ദേഹത്തിന്റെ പ്രധാനദൗത്യമായിത്തിർന്നു. ഒരിക്കൽ ഒരു കുഷ്ഠരോഗി ദൈവദൂഷണം പറഞ്ഞിരുന്നു. ഫ്രാൻസിസ് അത്ര വലിയ ദൈവഭക്തനെങ്കിൽ പഞ്ഞിയോ തുണിയോ ഉപയോഗിക്കാതെ തന്റെ വ്യണങ്ങൾ ഫ്രാൻസിസ് കഴുകണമെന്ന് ശഠിച്ചു. ഫ്രാൻസിസ് വരാൻ വൈകുന്നതു കണ്ട് അദ്ദേഹത്തെ ആക്ഷേപിക്കാനും തുടങ്ങി. അൽപം കഴിഞ്ഞപ്പോൾ ഫ്രാൻസിസ് ഓടിയെത്തി. അദ്ദേഹം സ്പർശിക്കുന്ന വണങ്ങൾ ഒന്നൊന്നായി കരിഞ്ഞുണങ്ങുന്നതു കണ്ടപ്പോൾ ഏവർക്കും വിസ്മയമായി. ഒടുവിൽ അയാളുടെ വ്യണങ്ങൾ മുഴുവൻ ഉണങ്ങി. അത്ഭുതകരമായ സുഖപ്രാപ്തി. അയാൾ മാനസാന്തരപ്പെട്ടു. പാപങ്ങൾ ഏറ്റു പറഞ്ഞ് കുമ്പസാരിച്ചു. പക്ഷേ അധികം താമസിയാതെ അയാൾ മരണമടഞ്ഞു. ഫ്രാൻസിസിന്റെ പ്രസംഗങ്ങളിലും ജീവിതശൈലിയിലും ആകൃഷ്ടരായ അനേകം ജനങ്ങൾ അദ്ദേഹത്തിന്റെ അനുയായികളായി.
ദാരിദ്ര്യമണവാട്ടിയോടുള്ള സ്നേഹം മൂലം ആവശ്യത്തിന് ഭക്ഷണമോ പച്ചവെളളമോ കുടിക്കുമായിരുന്നില്ല ഫ്രാൻസിസ്. രുചിയുള്ളവയിൽ ചാരം നുള്ളിയിട്ട ശേഷം മാത്രം കഴിക്കും. വെറും തറയിൽ തടിക്കഷണം തലയിണയാക്കിയായിരുന്നു കിടപ്പ്. കർത്താവിന്റെ കുരിശുമരണമായിരുന്നു ധ്യാനവിഷയം. മണ്ണിൽ കിടന്നുരുളുകയും പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ അരയിലെ കയർ കെട്ടഴിച്ച് അതുകൊണ്ട് എടാ മടിയൻ കഴുത എന്നു വിളിച്ച് സ്വയം പ്രഹരിക്കുകയും ചെയ്യുമായിരുന്നു.
വിശുദ്ധ ഫ്രാൻസിസ് അസ്സിസിയുടെ ജീവിതം നമ്മളെ സംബന്ധിച്ചിടത്തോളം വലിയ അത്ഭുതമാണ്. ഒരു സാധാരണ യുവാവ് യേശുവിനെ അറിഞ്ഞപ്പോൾ അത് അനേകർക്കങ്ങോട്ടുള്ള കുറുക്കുവഴിയായ് മാറി. കാണുന്നവരെയെല്ലാം അദ്ദേഹം തന്റെ നാഥനിലേക്ക് ആകർഷിച്ചു. “നിങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രം ദൈവമാണെങ്കിൽ പിന്നെ അധികം വാക്കുകളുടെ ആവശ്യമില്ല. നിങ്ങളുടെ സാന്നിധ്യം തന്നെ അനേകരുടെ ഹൃദയങ്ങളെ സ്പർശിക്കാൻ ഉതുകുന്നതായിരിക്കും.” എന്ന് വിശുദ്ധ വിൻസെന്റ് ഡി പോൾ പറഞ്ഞത് വിശുദ്ധ ഫ്രാൻസിസ് അസ്സിസിയെ കണ്ടിട്ടാവണം. ഇത്തരത്തിൽ ക്രിസ്തു സാക്ഷ്യമായി മാറാൻ നമ്മുക്കും പരിശ്രമിക്കാം.
(കടപ്പാട്: വിശുദ്ധ ഫ്രാൻസിസ് അസ്സീസി, പാലക്കാട് രൂപത മതബോധന കേന്ദ്രം)
പ്രാർത്ഥന
സ്നേഹനിധിയായ ഈശോയെ, ഞങൾ അങ്ങേ ആരാധിക്കുന്നു. മനുഷ്യര്‍ നിങ്ങളുടെ സത്‌പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.(മത്തായി 5 : 16) എന്നരുൾചെയ്ത് കർത്താവേ, ജനതകൾക്കുമുന്നിൽ അങ്ങേക്ക് സാക്ഷ്യം വഹിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങനെ വിശുദ്ധ ഫ്രാൻസിസ് അസ്സിസിയെപ്പോലെ സുവിശേഷം ജീവിക്കാൻ, ഞങ്ങളെയും അനുഗ്രഹിക്കണമേ.
ആമേൻ.
വിശുദ്ധ ഫ്രാൻസിസ് അസ്സീസിയെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
PDM – Ruha Mount