അസ്സീസിയിലെ ഓഫെദ്യുച്ചി എന്ന പ്രഭുകുടുംബത്തിൽ ഫേവറിനോയുടേയും ഓർത്താലൊനായുടേയും പുത്രിയായിരുന്നു ക്ലാര. പിറക്കാൻ പോകുന്ന കുഞ്ഞ് അനേകർക്ക് പ്രകാശമാകുമെന്ന് ഒരു ദർശനത്തിൽ ഓർത്താലൊനായ്ക്ക് അറിയിപ്പുണ്ടായി. അതുകൊണ്ടാണ് കുഞ്ഞിന് ‘പ്രകാശം’ എന്നർത്ഥമുളള ക്ലാര എന്ന പേരു നൽകിയത്. വെറും പ്രാഥമിക വിദ്യാഭ്യാസമേ ക്ലാരക്കുണ്ടായിരുന്നുള്ളൂ. ക്ലാരയെയും സഹോദരങ്ങളെയും ആദ്ധ്യാത്മികതയിലും, പുണ്യത്തിലും വളർത്തിക്കൊണ്ടുവരാൻ മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. അസ്സീസിയിലെ തെരുവുകളിൽ കൂട്ടുകാരുടെ കൂടെ നടന്നിരുന്ന ഫ്രാൻസിസിനെ ക്ലാരക്കറിയാം. വി. ദമിയാനോ പള്ളിയുടെ ജീർണ്ണോദ്ധാരണത്തിന് കല്ലു ചോദിച്ചു ചെന്നപ്പോഴാണ് അവസാനം കണ്ടത്. ഫ്രാൻസിസിന്റെ സന്ന്യാസജീവിതത്തോട് അവൾക്ക് മതിപ്പുതോന്നി. ആ പ്രവാചകന്റെ പ്രസംഗങ്ങൾ അവൾ കേട്ടിരുന്നു. തനിക്കും അതുപോലൊരു ജീവിതത്തിന് സൗകര്യം ഉണ്ടാക്കിത്തരണമെന്നവൾ അപേക്ഷിച്ചു.
1212 ലെ ഓശാന ഞായറാഴ്ച ആരോരുമറിയാതെ വീടുവിട്ട് സന്ന്യാസിയാകാൻ പോകുന്ന ദിവാസ്വപ്നത്തിൽ മുഴുകിയ ക്ലാര കുരുത്തോല വാങ്ങാൻ പോയില്ല. എന്നാൽ ക്ലാരയുടെ അടുത്തേക്ക് കാർമ്മികനായ ഗീദോ മെത്രാൻ ചെല്ലുകയും കുരുത്തോല അവൾക്ക് സമ്മാനിക്കുകയും ചെയ്തു. ദൈവം തന്റെ നിശ്ചയം അംഗീകരിക്കുന്നതായി അവർ കരുതി. രാത്രിയിൽ ആരും അറിയാതെ അമ്മായിയായ ഫസഫിക്കായുടെ സഹായത്തോടെ പിൻവാതിലിലൂടെ പുറത്തിറങ്ങി. രാത്രിയിൽ പേർസ്യങ്കുല ദേവാലയത്തിലെത്തി. ഫ്രാൻസിസ് അവരെ സ്വീകരിച്ചു. മുടി മുറിച്ച് സന്യാസവസ്ത്രം ധരിപ്പിച്ചു. തുടർന്ന് പ്രതമവാഗ്ദാനം പാവപ്പെട്ട ക്ലാര കന്യകകളുടെ സഭ എന്ന സന്യാസി സംഘത്തിന്റെ പിറവി ഇപ്രകാരമായിരുന്നു. ഉന്നതകുലജാതയായ ക്ലാരയെ അനുകരിച്ച് സ്വന്തം അനുജത്തി ആഗ്നസ് വീടുവിട്ടിറങ്ങി ക്ലാരയോടൊപ്പം സന്യാസജീവിതത്തിലേക്ക് പ്രവേശിച്ചു. ഇവരെ പിൻതുടർന്ന് ദാരിദ്ര്യജീവിതം നയിക്കുവാൻ ആഗ്രഹിച്ചുകൊണ്ട് അനേകം പ്രഭുകുമാരികളും സാധാരണ യുവതികളും വീടുവിട്ടിറങ്ങി.
എല്ലാം ദരിദ്രർക്ക് കൊടുത്തുവെങ്കിലും തന്റെ സഹോദരന്മാർക്ക് തലചായ്ക്കാനും ഒന്നിച്ചിരുന്നു പ്രാർത്ഥിക്കാനും ഒരിടം വേണം. ഇദ്ദേഹത്തിന്റെ ആഗ്രഹം മനസ്സിലാക്കി ബനഡിക്ടൻ ആശ്രമാധിപൻ പേർസ്യങ്കുലാപളളി ഫ്രാൻസിസിനും സഹോദരങ്ങൾക്കും കൊടുത്തു. “നിങ്ങൾ ഇവിടെ താമസിച്ചുകൊളളൂ, ഒരിക്കലും ഇവിടെ നിന്ന് മാറേണ്ട.” “ഞങ്ങൾക്ക് ദാനമായി വേണ്ടാ, വാടകയ്ക്ക് തന്നാൽ മതി.” “വാടക തരാൻ നിങ്ങളുടെ കൈയിൽ എന്താണ് ഉളളത്. ബർനദിയിൽ നിന്ന മീൻ പിടിച്ചുതരാം. പള്ളിയുടെ സമീപം കമ്പും മുളയും ഉപയോഗിച്ച് ഒരു പൊതു പ്രാർത്ഥനാ മുറി, വിടിനും പറമ്പിനും ചുറ്റുവേലി, ഗെയിറ്റ് എന്നിവ പണിതു. അതിഥി വന്നാൽ ഗെയ്റ്റിൽ മുട്ടി ശബ്ദം കേൾപ്പിക്കണം. സമന്മാരാണ് എല്ലാവരും പരസ്പരം ശുശ്രൂഷകർ, ദാരിദ്ര്യം, അനുസരണം, കന്യാവ്രതം എന്നിവ കർശനമായും സ്വീകരിക്കേണ്ട വ്രതങ്ങൾ, കർത്താവിന്റെ ഭവനം എന്ന് ആ ഭവനത്തിന് അവർ പേരിട്ടു.
“ദൈവം കൃപയുടെ വാതിൽ തുറന്നുകഴിഞ്ഞാൽ നടക്കുകയല്ല ഓടുകയാണ് വേണ്ടത് ” എന്ന വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ വാക്കുകൾ വിശുദ്ധ ഫ്രാൻസിസ് അസ്സിസ്സിയുടെ ജീവിതത്തിൽ ഏറെ പ്രസക്തമാണ്. അദ്ദേഹത്തിന്റെ തീരുമാനങ്ങൾ വളരെ പെട്ടന്നെടുത്തവയും വചനപ്രകാരമുള്ളവയുമായിരുന്നു. അതിനാൽത്തന്നെ വേണ്ട സമയത്ത് ആവശ്യത്തിനുള്ള കാര്യങ്ങൾ ദൈവം കൂട്ടിച്ചേർത്തു ക്രമികരിച്ചു. അതിനാൽ ദൈവം കൃപയുടെ വാതിൽ തുറന്ന് തരുമ്പോൾ അത് മനസിലാക്കാനും, പ്രവർത്തിക്കാനുമുള്ള കൃപക്കായി നമ്മുക്ക് പ്രാർത്ഥിക്കാം.
(കടപ്പാട്: വിശുദ്ധ ഫ്രാൻസിസ് അസ്സീസി, പാലക്കാട് രൂപത മതബോധന കേന്ദ്രം)
പ്രാർത്ഥന
കാരുണ്യവാനായ ഈശോയെ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “നിനക്ക് എന്റെ കൃപ മതി”(2 കോറിന്തോസ് 12 : 9) എന്നരുൾചെയ്ത് കർത്താവേ, ഞങ്ങളുടെ ജീവിതത്തിൽ ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളും അങ്ങയിൽ ആശ്രയിച്ച് ചെയ്യുവാൻ കൃപ ചൊരിയണമേ. ഏത് നന്മപ്രവർത്തിയിലും ദൈവം കൂടെ നിൽക്കുമെന്നും അവിടുന്നിൽ ആശ്രയിക്കുന്നവക്ക് ഒന്നിനും കുറവുണ്ടാവുകയില്ലെന്നുമുള്ള ബോധ്യത്താൽ ഞങ്ങളെ ശക്തരാക്കണമേ.
ആമേൻ.
വിശുദ്ധ ഫ്രാൻസിസ് അസ്സീസിയെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
PDM – Ruha Mount