“സുവിശേഷാത്മകമായി ജീവിക്കാനാണ് കർത്താവ് എന്നോട് ആവശ്യപ്പെട്ടത്. അതു ഞാൻ അനുസരിച്ചു. കർത്താവ് എനിക്ക് സഹോദരന്മാരെ തന്നു. ഞാൻ എന്തു ചെയ്യണമെന്ന് ആരും എന്നെ പഠിപ്പിച്ചില്ല. നിങ്ങൾ എന്തുചെയ്യണമെന്ന് കർത്താവ് നിങ്ങളെ പഠിപ്പിക്കും. ഞാൻ വേലയെടുത്തും ഭിക്ഷയാചിച്ചുമാണ് ജീവിച്ചത്. ഇനിയും അങ്ങനെ ജീവിക്കാനാണ് എന്റെ ആഗ്രഹം. എന്റെ സഹോദരന്മാരും ഏതെങ്കിലും ജോലിയെടുത്ത് ജീവിക്കണം. ജോലിയും കൂലിയുമില്ലെങ്കിൽ ഭിക്ഷാടനം നടത്തണം.” ഇതായിരുന്നു വിശുദ്ധ ഫ്രാൻസിസിന് സഹോദരന്മാരോടുള്ള അന്ത്യശാസന.
ക്ലാര സഹോദരിമാരോട് അവിടുന്ന് ഇങ്ങനെ പറഞ്ഞു: “നമ്മുടെ കർത്താവിന്റെയും അവിടുത്തെ അമ്മയുടെയും ജീവിതവും ദാരിദ്ര്യവും അവർ അനുകരിക്കട്ടെ. അവസാനം വരെ അതിൽ നിലനിൽക്കുകയും ചെയ്യട്ടെ… പ്രിയ സഹോദരീ നിനക്കെന്റെ ആശീർവാദം, ജീവിതാന്ത്യംവരെ നിങ്ങൾ ദാരിദ്ര്യാരൂപിയിൽ ക്രിസ്തുവിനെ അനുഗമിക്കണം. ഭാവിയിൽ മറിച്ച് ആരൊക്കെ ഉപദേശിച്ചാലും നിങ്ങൾ ഒരിക്കലും അതിൽ നിന്ന് പിന്മാറരുത്.”
ഫ്രാൻസിസ് ലിയോയെയും, മാസയായെയും വിളിച്ചു പറഞ്ഞു. ഞാൻ നഗ്നനായിട്ടാണ് ജനിച്ചത്. വീണ്ടും ബിഷപ്പിന്റെ അരമനയിൽവെച്ച് ഞാൻ നഗ്നതയെ ആശ്ലേഷിച്ചു. ഇതാ പിശാചുമായുളള അന്തിമസമരം നഗ്നനായിത്തന്നെ എനിക്കു യുദ്ധം ചെയ്തു മരിക്കണം. അതിനാൽ നിങ്ങൾ എന്റെ വസ്ത്രങ്ങൾ മാറ്റി എന്നെ വെറും തറയിൽ കിടത്തുക. കുറച്ചു സമയം കഴിഞ്ഞപ്പോൾ സഭയുടെ സുപ്പീരിയർ എത്തി. ഒരു ഉടുപ്പു കാട്ടിക്കൊണ്ടു പറഞ്ഞു. ഞാൻ വായ്പതരുന്ന ഈ കുപ്പായം ധരിക്കാനും ചരടുകെട്ടാനും അങ്ങയോട് കൽപിക്കുന്നു. ഇതാർക്കും കൊടുക്കാനും പാടില്ല. വായ്പ കിട്ടിയ ഉടുപ്പ് ധരിച്ചു മരിക്കുന്നതിൽ തികഞ്ഞ സന്തോഷം അദ്ദേഹത്തിൽ നിറഞ്ഞുനിന്നു.
ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞു. 1226, ഒക്ടോബർ മാസം 3-ാം തിയ്യതി ശനിയാഴ്ച പ്രഭാതമായി. അന്ന് സന്ധ്യയാകുന്നതിന് മുമ്പുതന്നെ തങ്ങളുടെ സ്നേഹപിതാവ് ഈ ലോകവാസം വെടിയുമെന്ന് സഹോദരന്മാർക്ക് തോന്നി. അപ്പോൾ ഫ്രാൻസിസ് പിതാവ് ഇപ്രകാരം നിർദ്ദേശിച്ചു: “മൂന്നു ദിവസം മുമ്പ് നിങ്ങൾ എന്നെ തറയിൽ കിടത്തിയതുപോലെ, ഞാൻ മരിക്കാറാകുമ്പോൾ എന്നെ നഗ്നനാക്കി തറയിൽ കിടത്തണം. എന്റെ മരണാനന്തരം ഒരു നാഴികനേരത്തേക്ക് എന്നെ സ്പർശിക്കരുത്. പിന്നീട്, എന്നെ എടുത്തുകൊണ്ടുപോയി, അക്രമികളെ സംസ്ക്കരിക്കുന്ന നരകക്കുന്നിൽ കുഴിച്ചുമൂടണം.”
വി. യോഹന്നാന്റെ സുവിശേഷത്തിൽ നിന്ന് നമ്മുടെ കർത്താവിന്റെ പീഢാനുഭവ ചരിത്രം വായിക്കുവാൻ ഫ്രാൻസിസ് പിതാവ് ആവശ്യപ്പെട്ടു.
സന്ധ്യയായപ്പോൾ 142-ാം സങ്കീർത്തനം ആലപിക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടു. “അങ്ങയുടെ തിരുനാമത്തെ കീർത്തിക്കുവാനായി, എന്റെ ആത്മാവിനെ ഈ പാറാവിൽ നിന്നു വിമുക്തമാക്കുക” എന്ന വാചകം പാടിത്തീർന്നപ്പോൾ അദ്ദേഹത്തിന്റെ ആത്മാവ് സ്വശരീരത്തെ വിട്ട് സ്വർഗ്ഗത്തിലേക്ക് യാത്രയായി.
നിമിഷങ്ങൾക്കകം പക്ഷികൾ മേൽക്കൂരയിലിരുന്ന് കരയാൻ തുടങ്ങി. മരണവാർത്തയറിഞ്ഞ അസ്സീസി സ്തംഭിച്ചു. ഫ്രാൻസിസിന്റെ മുഖം മാലാഖയുടെ മുഖം പോലെ ശോഭിച്ചു. കൈകാലുകൾ നവജാതശിശുവിന്റേതു പോലെ മൃദുലമായി ശരീരം പാലുപോലെ വെളുത്തു. അഞ്ചുമുറിവുകൾ റോസപൂക്കളെപ്പോലെ തിളങ്ങി.
സഭാധികാരികൾ ആ ശരീരത്തെ കുപ്പായമണിയിച്ചു. ചാപ്പലിലേക്ക് കൊണ്ടുപോയി. ക്ലാരയും സഹോദരിമാരും ആ പുണ്യശരീരം ചുംബിക്കുന്നതിനായി, വി. ദയാനോ മഠത്തിലേക്ക് വിലാപയാത്ര ആരംഭിച്ചു. കൺകുളിർക്കെ തങ്ങളുടെ ആത്മീയ പിതാവിനെ അവർ കണ്ടു. മുറിവുകളിൽ ഭക്ത്യാദരവോടെ ചുംബിച്ചു.
ഭൂമിയിലെ സമ്പത്തുവിറ്റ് സ്വർഗ്ഗത്തിൽ കോടിപതിയായിത്തീർന്ന അസ്സീസിയിലെ ആ ദരിദ്രനെ ഒരു നോക്കു കാണാൻ ആ നഗരം ഈറൻ കണ്ണുകളോടെ കാത്തുനിന്നു. 44 കൊല്ലത്തെ ജീവിതത്തിനിടയിൽ 20 വർഷം യേശു ക്രിസ്തുവിന്റെ സ്നേഹസുവേശേഷം അണുവിടമാറ്റം വരുത്താതെ സ്വജീവിതത്തിൽ പകർത്തിയ ആ സന്ന്യാസിയെ, രണ്ടുകൊല്ലം തികയും മുമ്പ് 1228 ജൂലൈ 28-ാം തിയ്യതി ഗ്രിഗറി 9-ാമൻ മാർപ്പാപ്പ അസ്സീസിയിൽ വന്ന് വിശുദ്ധൻ എന്ന് നാമകരണം ചെയ്തു.
പ്രിയപ്പെട്ടവരേ, നാം ഇപ്പോള്‍ ദൈവത്തിന്റെ മക്കളാണ്. നാം എന്തായിത്തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരു കാര്യം നാമറിയുന്നു: അവിടുന്നു പ്രത്യക്‌ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആകും. അവിടുന്ന് ആയിരിക്കുന്നതുപോലെ നാം അവിടുത്തെ കാണുകയും ചെയ്യും. ഈ പ്രത്യാശയുള്ളവന്‍ അവിടുന്നു പരിശുദ്‌ധനായിരിക്കുന്നതുപോലെ തന്നെത്തന്നെ വിശുദ്‌ധനാക്കുന്നു. (1 യോഹന്നാന്‍ 3 : 2-3) മിശിഹാഗാത്രത്തിലെ അംഗങ്ങളായ നാം എല്ലാവരും അവിടുത്തെ വിശുദ്ധിയിലേക്കും വിളിക്കപ്പെട്ടിരിക്കുന്നു.(തിരുസഭ 40) വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവിതത്തിൽ അദ്ദേഹം ഈ ഒരു വിളി വിജയകരമായി പൂർത്തിയാക്കി. നമ്മുക്കും ഇത്തരത്തിൽ വിശുദ്ധ ജീവിതം നയിച്ചുകൊണ്ട് സ്വർഗത്തിലെത്താൻ പരിശ്രമിക്കാം, അതിനായി പ്രാർത്ഥിക്കാം.
(കടപ്പാട്: വിശുദ്ധ ഫ്രാൻസിസ് അസ്സീസി, പാലക്കാട് രൂപത മതബോധന കേന്ദ്രം)
പ്രാർത്ഥന
നിങ്ങളെ വിളിച്ചവന്‍ പരിശുദ്‌ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്‌ധരായിരിക്കുവിന്‍ (1 പത്രോസ് 1 : 15) എന്നരുളിച്ചെയ്ത കർത്താവേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. നാഥാ, ഞങ്ങളുടെ ജീവിതത്തിൽ വിശുദ്ധിയെ ഇല്ലാതാകുന്ന എല്ലാത്തരത്തിലുമുള്ള പാപങ്ങളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ. പാപസാഹചര്യങ്ങളുണ്ടാവുമ്പോൾ അങ്ങയിൽ ആശ്രയിച്ചുകൊണ്ട് അതിനെ അതിജീവിക്കുവാൻ ഞങ്ങളെ ശക്താക്കണമേ. അങ്ങനെ വിശുദ്ധ ഫ്രാൻസിസ് അസ്സിസിയെപ്പോലെ വിശുദ്ധിയുടെ മകുടം ചൂടുവാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ.
ആമേൻ.
വിശുദ്ധ ഫ്രാൻസിസ് അസ്സീസി, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
PDM – Ruha Mount