റൂഹാ മൗണ്ട്: വിശുദ്ധ ബൈബിൾ ക്രൈസ്തവനെ മാത്രമല്ല ഒരു ലോകത്തെ മുഴുവൻ മാറ്റി മറിച്ച വിശുദ്ധ ഗ്രന്ഥമാണ്. ബൈബിൾ എന്നാൽ ദൈവത്തിന്റെ വചനമാണ്. ദൈവം മനുഷ്യനോട് സംസാരിക്കാൻ ആഗ്രഹിച്ചത് താൻ പ്രത്യേകം തെരഞ്ഞെടുത്തവരാൽ എഴുതപ്പെട്ടു. അനേകം നൂറ്റാണ്ടുകളിലൂടെ എഴുതപ്പെട്ട ദൈവത്തിന്റെ വാക്കുകളാണ് വിശുദ്ധ ബൈബിൾ. ബൈബിൾ എന്ന വാക്കിന്റെ അർഥം പുസ്തകം എന്നാണ്. ബിബ്ലിയ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ബൈബിൾ എന്ന വാക്ക് ഉൽഭവിച്ചത്.
ഒട്ടേറെ പ്രത്യേകതകൾ ഉള്ള ഗ്രന്ഥമാണ് ബൈബിൾ. The Book എന്ന പേരിൽ ലോകത്തിൽ അറിയപ്പെടുന്ന ഏക പുസ്തകം ബൈബിളാണ്. ബൈബിളിനോളം വായിക്കപ്പെട്ടതും വായിക്കപ്പെടുന്നതുമായ മറ്റൊരു ഗ്രന്ഥം ഭൂമുഖത്ത് വേറെയില്ല. ബൈബിളിനെപ്പോലെ പരിഭാഷ ചെയ്യപ്പെട്ട പുസ്തകം വേറെയില്ല. അത്രയുമധികം ഭാഷകളിൽ ബൈബിൾ പരിഭാഷ ചെയ്യപ്പെട്ടു. ലോകത്ത് ഏറ്റവും ആദ്യമായി അച്ചടിക്കപ്പെട്ട പുസ്തകവും ഏറ്റവും കൂടുതൽ അച്ചടിക്കപ്പെട്ട ഗ്രന്ഥവും ബൈബിൾ മാത്രമാണ്. ലോകത്ത് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന പുസ്തകവും ബൈബിളാണ്.
പഴയ നിയമവും പുതിയ നിയമവും ഉൾപ്പെട്ട 73 പുസ്തകങ്ങളുടെ ഒരു ഗ്രന്ഥ സമാഹാരമാണ് വിശുദ്ധ ബൈബിൾ. പഴയനിയമത്തിൽ 46 പുസ്തകങ്ങളും പുതിയ നിയമത്തിൽ 27 പുസ്തകങ്ങളുമാണുള്ളത്. അതിൽ 1333 അദ്ധ്യായങ്ങളും 35397 വാക്യങ്ങളും ഉൾപ്പെട്ടിരിക്കുന്നു. പഴയനിയമം ഹീബ്രു, അരമായ ഭാഷകളിലും പുതിയ നിയമം ഗ്രീക്ക് ഭാഷയിലുമാണ് എഴുതപ്പെട്ടത്. 150 അധ്യായങ്ങൾ ഉള്ള സങ്കീർത്തനങ്ങൾ ആണ് ബൈബിളിലെ ഏറ്റവും ദീർഘമായ പുസ്തകം. 13 വാക്യങ്ങൾ ഉള്ള യോഹന്നാന്റെ രണ്ടാം ലേഖനമാണ് ബൈബിളിലെ ഏറ്റവും ചെറിയ പുസ്തകം. പഴയനിയമത്തിലെ 46 പുസ്തകങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു. ഉല്പത്തി മുതൽ 2 മക്കബായർ വരെയുള്ള 21 പുസ്തകങ്ങൾ ചരിത്ര ഗ്രന്ഥമായും, ജോബ് മുതൽ പ്രഭാഷകൻ വരെയുള്ള 7 പുസ്തകങ്ങൾ ജ്ഞാനഗ്രന്ഥമായും, ഏശയ്യാ മുതൽ മലാക്കി വരെയുള്ള 18 പുസ്തകങ്ങൾ പ്രവാചക ഗ്രന്ഥങ്ങളായും തിരിച്ചിരിക്കുന്നു.
പുതിയ നിയമത്തിലെ 27 പുസ്തകങ്ങളെ സുവിശേഷങ്ങൾ, അപ്പസ്തോല പ്രവർത്തനങ്ങൾ, ലേഖനങ്ങൾ, വെളിപാട് എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നു. ലേഖനങ്ങളിൽ പൗലോസിന്റെ ലേഖനങ്ങളും കാതോലിക്കാ ലേഖനങ്ങളുമുണ്ട്. ബൈബിൾ ആത്യന്തികമായി ദൈവവചനമാണ്. അതിനാൽ ബൈബിളിന്റെ യഥാർത്ഥ രചയിതാവ് ദൈവമായ കർത്താവാണ്.