1894ൽ പോളണ്ടിൽ ജനിച്ച വി. മാക്സിമില്യൻ കോൾബെ 1910ൽ ഫ്രാൻസിസ്കൻ സഭയിൽ ചേർന്നു.1918ൽ വൈദികനായ അദ്ദേഹം പരി. കന്യകമറിയത്തോട് അഗാധമായ ഭക്തി പുലർത്തിയിരുന്നു. തന്റെ 12ആം വയസിൽ അദ്ദേഹത്തിന് പരി.അമ്മയുടെ ഒരു ദർശനം ലഭിച്ചിരുന്നു.പാപികളുടെ മാനസാന്തരത്തിനുവേണ്ടി തീക്ഷ്‌ണമായി ആഗ്രഹിച്ച വിശുദ്ധൻ അമലോത്ഭവസൈന്യം എന്ന ഒരു സംഘടന ഈ ലക്ഷ്യത്തിനായി രൂപീകരിച്ചു. അച്ചടി സംവിധാനം, റേഡിയോ എന്നിങ്ങനെയുള്ള സാങ്കേതികവിദ്യകളുപയോഗിച്ചുള്ള സുവിശേഷപ്രഘോഷണം അദ്ദേഹം നടത്തി.രണ്ടാം ലോകമഹായുദ്ധകാലത്ത് പോളണ്ടിൽ നടന്ന നാസി അധിനിവേശത്തിനിടെ, നാസിസത്തിനെതിരെയുള്ള ആശയപ്രചരണം നടത്തിയെന്നും ജൂതർക്ക് അഭയം നൽകിയെന്നുമുള്ള കാരണങ്ങളാൽ നാസികൾ വിശുദ്ധനെ അറസ്റ്റ് ചെയ്തു. തുടർന്ന് ഓഷ്വിറ്റ്സ് തടങ്കൽപാളയത്തിൽ അദ്ദേഹം തടവിലാക്കപ്പെട്ടു.ക്ഷയരോഗബാധിതനായിരുന്നിട്ടുപോലും അദ്ദേഹത്തെ കഠിനമായി പീഡിപ്പിച്ചിരുന്നു. ഭാരമുള്ള ജോലികൾ ചെയ്യുമ്പോഴും അടികളേൽക്കുമ്പോഴും ശാന്തമായി എല്ലാം ക്ഷമിക്കാനും സഹിക്കാനും വിശുദ്ധന് സാധിച്ചിരുന്നു.ഒരിക്കൽ തടവുകാരായിരുന്ന മൂന്ന് പേർ രക്ഷപെട്ടതിനെത്തുടർന്ന് മറ്റ് 10 തടവുകാർക്ക് വധശിക്ഷ നൽകുവാൻ ജയിലധികാരികൾ തീരുമാനിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു തടവുകാരൻ തന്റെ ഭാര്യയെയും മക്കളെയുമോർത്ത് കരയുന്നത് കണ്ട വിശുദ്ധൻ അയാൾക്ക് പകരമായി താൻ ശിക്ഷ ഏറ്റെടുക്കാമെന്ന് പറഞ്ഞുകൊണ്ട് മുൻപോട്ട് വന്നു.അതിൻപ്രകാരം മറ്റ് 9 പേരോടൊപ്പം വിശുദ്ധനെ ഒരു ഭൂഗർഭ അറയിൽ ഭക്ഷണവും വെള്ളവും നൽകാതെ പട്ടിണിക്കിട്ടു. പട്ടിണിക്കിടയിലും പ്രാർത്ഥനയിൽ ഉറച്ച് നിന്ന വിശുദ്ധൻ മറ്റുള്ളവർ മരിച്ചുവീണപ്പോഴും ജീവൻ നിലനിർത്തി. അവസാനം ഒരു മാരകവിഷം കുത്തിവെച്ചാണ് വിശുദ്ധനെ വധിക്കുന്നത്.1941ലായിരുന്നു വിശുദ്ധന്റെ മരണം.1982ൽ ജോൺ പോൾ രണ്ടാമൻ പാപ്പ അദ്ദേഹത്തെ രക്തസാക്ഷിയും വിശുദ്ധനുമായി പ്രഖ്യാപിച്ചു.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=370
https://www.stmaximiliankolbechurch.com/about-us/biography-of-saint-maximilian
http://www.pravachakasabdam.com/index.php/site/news/2161
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount