ദൈവപുത്രനായ ഈശോയുടെ വളര്‍ത്തുപിതാവും ദൈവമാതാവിന്റെ വിരക്ത ഭർത്താവുമായ വി. യൗസേപ്പിതാവ് ദാവീദിന്റെ വംശത്തിൽപ്പെട്ട നീതിമാനായ ഒരു മനുഷ്യനായിരുന്നു എന്നാണ് വിശുദ്ധ ഗ്രന്ഥം പ്രസ്താവിക്കുന്നത്.യൗസേപ്പിതാവിന്റെ ജനനം ബി.സി 90ലും മരണം എ.ഡി 18ലും ആണെന്നാണ് കരുതപ്പെടുന്നത്. യേശുവിനോടും മറിയത്തോടുമൊപ്പം രക്ഷാകരപദ്ധതിയിൽ പങ്കുവഹിച്ച യൗസേപ്പിതാവിന് അതിന്റെ ഭാഗമായി ജീവിതത്തിൽ അനേകം സഹനങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വന്നു. എന്നാൽ വിശ്വസ്തതയോടും വിവേകത്തോടും കൂടിയുള്ള പ്രവർത്തനം വഴിയായി അദ്ദേഹം തിരുകുടുംബത്തെ സംരക്ഷിച്ചു. മറിയത്തിന്റെ ഗർഭധാരണവും, ഈജിപ്തിലേക്കുള്ള പലായനവും, നസ്രത്തിലേക്കുള്ള തിരിച്ചുവരവും, ജെറുസലേമിൽ വെച്ച് ഉണ്ണിയേശുവിനെ കാണാതായ സംഭവവുമെല്ലാം യൗസേപ്പിതാവ് നേരിട്ട പ്രധാനപ്പെട്ട സഹനങ്ങളാണ്. കടുത്ത ദാരിദ്ര്യത്തിലും അദ്ദേഹം കഠിനാധ്വാനം ചെയ്ത് തിരുക്കുടുംബത്തെ പോറ്റി. ദൈവഹിതത്തോടുള്ള അദ്ദേഹത്തിന്റെ കീഴ്പ്പെടലും, ദൈവിക പ്രചോദനങ്ങളോടുള്ള അനുസരണവും ആണ് യൗസേപ്പിതാവിന്റെ മുഖ്യമായ സവിശേഷതകൾ. നീതി,വിശ്വസ്തത, ശാന്തത,വിവേകം,അനുസരണം എന്നിവയെല്ലാം യൗസേപ്പിതാവിൽ നിറഞ്ഞുനിന്ന പുണ്യങ്ങൾ ആയിരുന്നു.
വി.യൗസേപ്പിന്റെ മരണത്തേക്കുറിച്ച് വേദപുസ്തകത്തില്‍ ഒന്നും തന്നെ പറയുന്നില്ല, എന്നിരുന്നാലും യേശുവിന്റെ പരസ്യജീവിതത്തിനു മുന്‍പായി അദ്ദേഹം മരണമടഞ്ഞിരിക്കാം. യേശുവിന്റേയും മാതാവിന്റേയും കൈകളില്‍ കിടന്നുകൊണ്ടുള്ള ഒരു മനോഹരമായ മരണമായിരിന്നു അദ്ദേഹത്തിന്റേതെന്ന് ചരിത്രകാരന്മാർ പറയുന്നു. എളിമയോടും, ആരാലും അറിയപ്പെടാതേയും നസറത്തില്‍ ജീവിച്ചു, ഒടുവിൽ നിശബ്ദനായി അദ്ദേഹം മരണപെട്ടപോളും, സഭാചരിത്ര താളുകളുടെ പിൻതാളുകളിൽ മാത്രമായി അദ്ദേഹം ഒതുങ്ങി. പതിനഞ്ചാം നൂറ്റാണ്ട് മുതലാണ് യൗസേപ്പ് പിതാവിന് പ്രാര്‍ത്ഥനാപരമായ ആദരവ് നല്‍കപ്പെട്ടത്. ഇതിനു ശേഷമുള്ള കാലങ്ങളിലാണ് വലിയ രീതിയിലുള്ള ആദരവ് അദ്ദേഹത്തിന് നല്‍കപ്പെട്ടു തുടങ്ങിയത്. സ്വീഡനിലെ വിശുദ്ധ ബ്രിജീത്തയും, സിയന്നായിലെ ബെര്‍ണാഡിനും,ആവിലായിലെ വിശുദ്ധ തെരേസായും അദ്ദേഹത്തോടുള്ള വണക്കം പ്രചരിപ്പിക്കുകയും, പരിപോഷിപ്പിക്കുകയും ചെയ്തു.
ആഗോള കത്തോലിക്ക സഭയിൽ യൗസേപ്പിതാവിന്റെ ആദരണാര്‍ത്ഥം രണ്ട് വലിയ തിരുനാളുകള്‍ ആഘോഷിക്കപ്പെടുന്നു. മാർച്ച് 19ന് ആഘോഷിക്കുന്ന വി. യൗസേപ്പിതാവിന്റെ മരണത്തിരുനാളും മെയ് 1ന് ആഘോഷിക്കുന്ന തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളുമാണവ.വി.യൗസേപ്പിന്റെ നാമധേയത്തില്‍ നിരവധി സന്യാസീ-സന്യാസിനീ സമൂഹങ്ങളുണ്ട്.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/921
https://www.catholic.org/saints/saint.php?saint_id=4
https://www.newadvent.org/cathen/08504a.htm
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount