1295ൽ ഫ്രാൻസിലെ ഒരു പ്രഭുകുടുംബത്തിൽ ജനിച്ച വി.റോച്ച് അവിടത്തെ ഗവർണറുടെ ഏകമകനായിരുന്നു. ദൈവഭക്തയായ വിശുദ്ധന്റെ അമ്മയുടെ സ്വാധീനത്താൽ ചെറുപ്പം മുതലെ വിശുദ്ധിയിലും ദൈവഭക്തിയിലും വളരാൻ അദ്ദേഹത്തിന് സാധിച്ചു.ജനിച്ചപ്പോൾ തന്നെ വിശുദ്ധന്റെ ശരീരത്തിൽ ഒരു ചുവന്ന നിറത്തിലുള്ള കുരിശടയാളം കാണപ്പെട്ടിരുന്നു.ഇരുപതാം വയസിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട വിശുദ്ധൻ തുടർന്ന് തന്റെ സ്വത്തുക്കളെല്ലാം ദരിദ്രർക്ക് ദാനം ചെയ്യുകയും നഗരത്തിന്റെ ഭരണാവകാശം അമ്മാവന് കൈമാറുകയും ചെയ്തു.പിന്നീട് ഫ്രാൻസിസ്കൻ മൂന്നാം സഭയിൽ ചേർന്ന വിശുദ്ധൻ റോമിലെ പുണ്യസ്ഥലങ്ങളിലേക്ക് ഒരു തീർത്ഥാടനം നടത്തി. യാത്രാമധ്യേ പകർച്ചവ്യാധികളാൽ ദുരിതമനുഭവിക്കുന്ന അനേകരെ കണ്ട വിശുദ്ധൻ അവരെ ശുശ്രൂഷിക്കുകയും, അവരുടെമേൽ കുരിശടയാളം വരച്ച് രോഗശാന്തി നൽകുകയും ചെയ്തു. തന്റെ ആരോഗ്യം പരിഗണിക്കാതെ അനേകരെ രോഗവിമുക്തരാക്കിയ വിശുദ്ധനെ അവസാനം പകർച്ചവ്യാധി പിടികൂടി. ആർക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ വനത്തിലേക്ക് പിൻവാങ്ങിയ വിശുദ്ധന് ഒരു നായ ഭക്ഷണം എത്തിച്ചു നൽകുകയും വ്രണങ്ങൾ നക്കി വൃത്തിയാക്കിക്കൊടുക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. രോഗവിമുക്തനായ വിശുദ്ധൻ തുടർന്ന് തന്റെ ജന്മദേശത്തേക്ക് മടങ്ങുകയും, താനാരാണെന്ന് വെളിപ്പെടുത്താതെ ഒരു തീർഥാടകനായി അവിടെയെത്തുകയും ചെയ്തു. എന്നാൽ യുദ്ധം നടന്നുകൊണ്ടിരുന്ന ആ നാട്ടിലെത്തിയ വിശുദ്ധനെ, സ്വന്തം അമ്മാവൻ കൂടിയായ ഗവർണർ ചാരനാണെന്ന് സംശയിച്ച് അറസ്റ്റ് ചെയ്തു.തന്റെ സ്വത്വം വെളിപ്പെടുത്താൻ ആഗ്രഹിക്കാതിരുന്ന വിശുദ്ധൻ തടവിൽ കഴിയുകയും അവിടെ വച്ച് പിന്നീട് മരണമടയുകയും ചെയ്യുകയാണുണ്ടായത്. വിശുദ്ധന്റെ മരണശേഷമാണ് അദ്ദേഹത്തിന്റെ ശരീരത്തിലെ കുരിശടയാളം കണ്ട് കുടുംബാംഗങ്ങൾ അദ്ദേഹത്തെ തിരിച്ചറിഞ്ഞത്.
അദ്ദേഹത്തിന്റെ രോഗശാന്തിവരം മൂലം പകർച്ചവ്യാധികളുടെ സമയത്ത് ഇറ്റലിയിൽ വിശുദ്ധനോടുള്ള ഭക്തി ഏറെ പ്രചരിച്ചിരുന്നു.
1327ലായിരുന്നു വിശുദ്ധന്റെ മരണം.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholiccompany.com/magazine/st-roch-patron-of-dogs-6114
https://www.roman-catholic-saints.com/saint-roch.html
http://www.pravachakasabdam.com/index.php/site/news/2230
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount