റൂഹാ മൗണ്ട്: ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതത്ര്യത്തിൽ ജീവിക്കാൻ ഇന്ത്യയിലെ ക്രൈസ്തവർക്ക് സാധിക്കാത്ത അവസ്ഥയിലേക്കാണോ കാര്യങ്ങളുടെ പോക്ക്. ആഗസ്റ്റ് 15 ന് മധ്യപ്രദേശിൽ പതിനൊന്നോളം ക്രൈസ്തവരാണ് ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ കടുത്ത ആക്രമണങ്ങൾക്ക് ഇരകളായത്.
മധ്യപ്രദേശിലെ അദ്നാധി എന്ന ഗ്രാമത്തിൽ നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഗ്രാമത്തലവന്റെ നേതൃത്വത്തിൽ ഇരുനൂറ്റിയൻപതോളം ആളുകൾ ചേർന്നാണ് ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാൻ ക്രൈസ്തവരെ പ്രകോപിപ്പിച്ചത്. വിശ്വാസം ഉപേക്ഷിക്കില്ലെന്ന് തീർത്തുപറഞ്ഞ ക്രൈസ്തവരെ ഇരുന്നൂറ്റിയൻപതോളംപേർ ചേർന്ന് മർദിക്കുകയും നാടുവിടാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു എന്ന് അന്താരാഷ്ട്ര ക്രൈസ്തവ സന്നദ്ധ സംഘടനയായ ഇന്റർനാഷ്ണൽ ക്രിസ്ത്യൻ കൺസേൺ റിപ്പോർട്ട് ചെയ്യുന്നു.
ഗ്രാമത്തലവൻ ആളുകളെ കൂട്ടി ക്രൈസ്തവരെ വിളിച്ചുവരുത്തി ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കണമെന്ന ആവശ്യം ഉന്നയിക്കുകയും അത് നിരസിച്ച ക്രൈസ്തവരെ കല്ലെറിയാൻ തുടങ്ങുകയും ചെയ്തു. ഇത് ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങളല്ലേ?. എന്തുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്?. പരാതി കൊടുത്താലും ഇതൊന്നും തിരിഞ്ഞുനോക്കാതെ അധികാരികൾ നോക്കുകുത്തികളായിരിക്കുന്നു. ഇത്തരം ക്രൂരതകൾക്കെതിരെ ഗവൺമെൻറ് നടപടികൾ എടുക്കണം. ക്രൈസ്‌തവനും ജീവിക്കാൻ അവകാശപ്പെട്ടത് തന്നെയാണ് ഈ രാജ്യവും.