റൂഹാ മൗണ്ട്: വിശ്വാസികൾക്കുവേണ്ടി ശബ്‌ദിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന് വ്യക്തമാക്കി അട്ടപ്പാടി റൂഹാ മൗണ്ടിൽ നിന്നും സേവ്യർ ഖാൻ വട്ടായിലച്ചൻ. തിന്മ നിറഞ്ഞാടുമ്പോൾ തിന്മ അട്ടഹസിക്കുമ്പോൾ ദൈവചൈതന്യമുള്ളൊരു ക്രിസ്ത്യാനി ഉണ്ടെങ്കിൽ അവൻ എഴുന്നേറ്റ് ദൈവശബ്ദമാകണം. ദൈവത്തിന്റെ സാന്നിധ്യമായി അവൻ എഴുന്നേൽക്കണം. അതിനാണ് കർത്താവ് അവനെ അവിടെ നിർത്തിയിരിക്കുന്നതെന്നും അതിനാണ് കർത്താവ് ആ സ്വരം അവനെ കേൾപ്പിച്ചതെന്നും അതുകൊണ്ടാണ് ആ തിന്മ കാണാൻ അവനെ അനുവദിച്ചതെന്നും വട്ടായിലച്ചൻ ഫേസ്ബുക്കിലൂടെ നൽകിയ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കുന്നു.
ഇന്ന് സോഷ്യൽ മീഡിയയിൽ അനേകംപേർ ഉണർന്നെഴുന്നേറ്റ് സംസാരിക്കുന്നുണ്ട്. അതിനാൽ അതിനോട് ചേർന്ന് അനേകംപേർക്ക് സത്യത്തിന് സാക്ഷ്യം വഹിക്കാൻ പറ്റുന്നു, വിശ്വാസത്തെ സംരക്ഷിക്കാൻ പറ്റുന്നു, സഭയ്ക്കുവേണ്ടി സംസാരിക്കാൻ പറ്റുന്നു. ഉണരേണ്ട ആൾ ഉണർന്നില്ലെങ്കിൽ എഴുതേണ്ട ആൾ എഴുതിയില്ലെങ്കിൽ ഒട്ടനവധിപ്പേർക്ക് സംസാരിക്കാൻ പറ്റാതെ വരുന്നു. ദാവീദ് തിന്മയ്‌ക്കെതിരെ പടപൊരുതിയപ്പോൾ അവന്റെ കൂടെ ഒരു ജനമുണർന്നു. അതുപോലെയാണ് ഒരാൾ ഉണർന്നുപ്രവർത്തിച്ചാൽ കൂടെ ഒരു ജനമാണ് ഉണരുന്നതെന്ന് വട്ടായിലച്ചൻ ചൂണ്ടിക്കാണിക്കുന്നു.
ബനഡിക്ട് മാർപാപ്പ പറഞ്ഞതിങ്ങനെയാണ് തിന്മ പെരുകുമ്പോൾ ക്രിസ്ത്യാനികൾ നിശബ്ദരായി ഇരിക്കരുത്. തിന്മയ്‌ക്കെതിരെ പ്രതികരിക്കണം. തിന്മ കണ്ടാൽ അത് തിന്മയാണെന്ന് എഴുന്നേറ്റുനിന്നു പറയാൻ നാം ധൈര്യം കാണിക്കണമെന്ന് വട്ടായിലച്ചൻ ഓർമിപ്പിക്കുന്നു. സോഷ്യൽ മീഡിയയിൽ എഴുതേണ്ടിടത്ത് എഴുതണം. അത് സുവിശേഷവൽക്കരണം തന്നെയാണെന്ന് വട്ടായിലച്ചൻ ആവർത്തിക്കുന്നു. ക്രിസ്തീയ ശുശ്രൂഷയെക്കുറിച്ച് പരിജ്ഞാനമില്ലാത്തവർ പലതും പറയുന്നു. ചുറ്റിലും അന്ധകാരം കട്ടപിടിക്കുമ്പോൾ ദൈവീക സ്വരമാകുക അതാണ് ക്രിസ്തീയ ശുശ്രൂഷയെന്നും ഇതിനാണ് ഒരു ക്രിസ്ത്യാനി വിളിക്കപ്പെട്ടിരിക്കുന്നതെന്നും വട്ടായിലച്ചൻ പറഞ്ഞുവെയ്ക്കുന്നു.
ഒരു വചനപ്രഘോഷകനായ ഞാൻ ക്രിസ്ത്യാനി ആയ ശേഷമാണ്, ക്രിസ്ത്യാനി ആയതുകൊണ്ടാണ് വചനപ്രഘോഷകനായതെന്നും ആ വചനപ്രഘോഷണത്തിന്റെ ചൈതന്യമാണ് ദൈവസ്വരമാകുക എന്നതുമെന്ന് വട്ടായിലച്ചൻ കൂട്ടിച്ചേർത്തു. നമുക്കുചുറ്റും തിന്മ കട്ടപിടിക്കുന്നതുകണ്ടിട്ട് മിണ്ടാതിരിക്കുമ്പോഴാണ് വചനപ്രഘോഷകൻ വചനപ്രഘോഷകന്റെ ഡ്യൂട്ടി ചെയ്യാതിരിക്കുന്നതെന്നും തിന്മയ്‌ക്കെതിരെ ശബ്ദമുയർത്തുമ്പോഴാണ് വചനപ്രഘോഷകൻ വചനപ്രഘോഷകന്റെ ഡ്യൂട്ടി പൂർത്തിയാക്കുന്നതെന്നും സേവ്യർ ഖാൻ വട്ടായിലച്ചൻ തന്റെ വീഡിയോ സന്ദേശത്തിൽ ആവർത്തിച്ച് വ്യക്തമാക്കി.