റൂഹാ മൗണ്ട്: സഭയുടെ പ്രവർത്തനങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുവാൻ ആഹ്വാനം ചെയ്ത് ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. വിശുദ്ധ എവുപ്രാസ്യമ്മയുടെ തീർത്ഥാടന കേന്ദ്രത്തിൽ നിന്നും തിരുനാളിനോടനുബന്ധിച്ചു നടത്തിയ കുർബാനമധ്യേ ആണ് ആണ് അഭിവന്ദ്യ പിതാവ് ഈ കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ഒരുമാസമായി സിനഡിനുവേണ്ടി എല്ലാവരും ഒരുമിച്ചു പ്രാർത്ഥിക്കുകയായിരുന്നുവെന്നും അതിനാൽത്തന്നെ പരിശുദ്ധാത്മാവിന്റെ വലിയൊരു ഇടപെടൽ സിനഡിൽ അനുഭവിച്ചുവെന്നും അഭിവന്ദ്യ പിതാവ് വ്യക്തമാക്കി.
പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ വ്യക്തമായി ആഹ്വാനം ചെയ്തതുപോലെ മെത്രാന്മാരുടെ സിനഡും പരിശുദ്ധ സിംഹാസനവും അംഗീകരിച്ച പരിഷ്കരിച്ച സീറോ മലബാർ സഭയുടെ കുർബാനക്രമവും കുർബാന അർപ്പണ രീതിയിലുള്ള ഐക്യരൂപവും 2021 നവംബർ 28 മംഗളവാർത്താക്കാലം ആദ്യ ഞായറാഴ്ച മുതൽ സഭയുടെ എല്ലാ രൂപതകളിലും പ്രായോഗികമാക്കാൻ ഒരു മനസോടെ തീരുമാനിച്ചകാര്യം അഭിവന്ദ്യ പിതാവ് വ്യക്തമാക്കി. സിനഡിനുവേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയും അറിയിച്ചു.
സിനഡിന്റെ തീരുമാനങ്ങൾ 2021 സെപ്റ്റംബർ 05 ഞായറാഴ്ച മേജർ ആർച്ച് ബിഷപ്പിന്റെ ഇടയലേഖനം വഴി എല്ലാവരെയും അറിയിക്കുമെന്നും സഭയിലെ എല്ലാ ഇടവകകളിലും അത് വായിക്കണമെന്നും പിതാവ് ഓർമപ്പെടുത്തി. സിനഡിന്റെ ഈ തീരുമാനങ്ങളോട് സഹകരിക്കുകയും അത് അനുസരിക്കുകയും ചെയ്യുവാൻ വൈദികർക്കും സമർപ്പിതർക്കും അല്മായർക്കും എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്നും പിതാവ് വ്യക്തമാക്കി.
നമുക്കെല്ലാവർക്കും സഭയോടും സിനഡിന്റെ തീരുമാനങ്ങളോടും ചേർന്ന് സഭയുടെ ഉത്തമ അംഗമെന്ന നിലയിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കാമെന്നും സഭയുടെ പ്രവർത്തനങ്ങളിൽ കൂട്ടായ്മയോടെയും കൂട്ടുത്തരവാദിത്വത്തോടെയും കൂടെ ഒരുമിച്ച് മുന്നേറാമെന്നും അഭിവന്ദ്യ പിതാവ് കൂട്ടിച്ചേർത്തു.