അട്ടപ്പാടി: നിസംഗത വെടിഞ്ഞ് സഭയ്ക്കുവേണ്ടി സംസാരിക്കുവാൻ ആഹ്വാനം ചെയ്ത് അട്ടപ്പാടിയിൽ നിന്നും സേവ്യർ ഖാൻ വട്ടായിലച്ചൻ. അച്ചൻ ഫേസ്ബുക്ക് പേജിലൂടെ നൽകിയ വീഡിയോ സന്ദേശത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്. ഇനിയും സഭയ്ക്കുവേണ്ടി സംസാരിക്കുവാൻ കാത്തിരിക്കരുത് എന്നാണ് വട്ടായിലച്ചൻ ശക്തമായി പറയുന്നത്. സഭ പലതരം പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ ആരൊക്കെ എന്തൊക്കെ പറയുന്നു എന്നത് കയ്യും കെട്ടി നോക്കിയിരിക്കാതെ ക്രിസ്ത്യാനിയായ നാം സഭയ്ക്കുവേണ്ടി സംസാരിക്കണം എന്ന് വട്ടായിലച്ചൻ വ്യക്തമാക്കുന്നു.
ഇന്ന് സഭ പലതരം പ്രതികൂലങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കുമ്പോൾ പലരും സുരക്ഷിത കോണുകളിലിരുന്ന് ഇതെല്ലാം നിരീക്ഷിച്ച് മിണ്ടാതിരിക്കുന്ന അവസ്ഥയെക്കുറിച്ചുള്ള ഹൃദയത്തിന്റെ വേദന അച്ചൻ തന്റെ സന്ദേശത്തിലൂടെ പങ്കുവെച്ചു. എങ്കിലും ഒട്ടനവധിപേർ, മുതിർന്നവർ മുതൽ കുട്ടികൾ വരെ കൂടുതൽ ഒന്നും സംസാരിക്കാൻ അറിയില്ലെങ്കിലും അറിയുന്നതുപോലെ സഭയ്ക്കുവേണ്ടി സംസാരിക്കുവാൻ കാണിക്കുന്ന നല്ല മനസ്സിനെ അച്ചൻ അഭിനന്ദിച്ചു.
സഭയ്ക്കുനേരെ കല്ലെറിയുമ്പോൾ, അപവാദങ്ങൾ പ്രചരിപ്പിക്കുമ്പോൾ നമ്മൾ മൗനം വെടിയണമെന്നും, ശക്തിയോടെ പ്രതികരിക്കണമെന്നും അച്ചൻ വ്യക്തമാക്കി. ഈ കാര്യം ബെനഡിക്ട് പതിനാറാമൻ മാർപാപ്പ മുൻപ് പറഞ്ഞിട്ടുള്ളത് അച്ചൻ ഓർമപ്പെടുത്തി. ഇനിയും പ്രതികരിക്കാതിരിക്കുന്നവർ രംഗത്ത് വരണമെന്നും, പള്ളിക്കോമ്പൗണ്ടിന്റെ ഉള്ളിലും, മീറ്റിങ്ങുകളിലും മാത്രം സംസാരിക്കുന്നത് കൊണ്ട് സത്യം പൊതുസമൂഹത്തിന് മുന്നിൽ എത്തുകയില്ലെന്നും അതിനാൽ സമൂഹം സ്ഥിരം നോക്കിക്കൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും, ചാനൽ ചർച്ചകളിലുമെല്ലാം നമുക്കറിയാവുന്നതുപോലെ സംസാരിക്കണമെന്നും അച്ചൻ അഭിപ്രായപ്പെട്ടു.
ഒരു ക്രൈസ്തവന്റെ പേരിൽ ഒരാൾ സംസാരിക്കുമ്പോൾ അത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. അല്ലാതെ സഭയുടെ ഔദ്യോഗിക നിലപാടല്ല. അത് വ്യക്തിപരമായ അഭിപ്രായമാണ്. നമുക്കറിയാവുന്ന ക്രിസ്തീയ ബോധ്യങ്ങൾ നമ്മൾ പങ്കുവെയ്ക്കണം. തെറ്റ് പറ്റിയാൽ തിരുത്തണം. തെറ്റ് പറ്റുമോ എന്ന് പേടിച്ച് മിണ്ടാതിരിക്കരുതെന്നും അച്ചൻ വ്യക്തമാക്കി. മൗനം വെടിയണമെന്നും, എല്ലാവരും സംസാരിക്കാൻ തുടങ്ങണമെന്നും, സോഷ്യൽ മീഡിയയിൽ മുഴുവനും ഓരോ ക്രൈസ്‌തവനും ആക്റ്റീവ് ആകണമെന്നും സേവ്യർ ഖാൻ വട്ടായിലച്ചൻ കൂട്ടിച്ചേർത്തു.