പയ്യാവൂർ: പയ്യാവൂർ AFCM അഭിഷേകാഗ്നി കൺവെൻഷൻ സമാപനദിനത്തിനുള്ള വലിയ ഒരുക്കങ്ങൾ പൂർത്തിയായി. അഞ്ച് ദിവസം നീണ്ടുനിന്ന കൺവെൻഷന്റെ സമാപനമായ ഇന്ന്, രാവിലെ മുതൽ പരീക്ഷയ്ക്കായി ഒരുങ്ങുന്ന വിദ്യാർത്ഥികൾ വട്ടായിലച്ചനെ കണ്ടുപ്രാർത്ഥിക്കുന്നതിനായി കൺവെൻഷൻ ഗ്രൗണ്ടിൽ എത്തിച്ചേർന്നു. മടമ്പം – പൈസക്കരി പ്രദേശങ്ങളിൽ നിന്നു മാത്രമല്ല വളരെ ദൂര പ്രദേശങ്ങളിൽ നിന്നും ദൈവജനം പ്രാർത്ഥിക്കുന്നതിനായും കൺവെൻഷനിൽ സംബന്ധിക്കുന്നതിനായും കൺവെൻഷൻ ഗ്രൗണ്ടിൽ എത്തിച്ചേർന്നുകൊണ്ടിരിക്കുന്നു.
കഴിഞ്ഞ നാലുദിനങ്ങളിലേക്കാളും ദൈവജനം ഇന്ന് കൺവെൻഷനിൽ സംബന്ധിക്കുവാൻ എത്തിച്ചേരും എന്ന് കൺവെൻഷന്റെ സംഘാടകർ അറിയിച്ചു. ദൈവജനത്തിനു കൺവെൻഷനുശേഷം തിരികെ പോകുന്നതിനായി ധാരാളം വാഹനങ്ങൾ ക്രമീകരിച്ചിട്ടുള്ളതായും സംഘാടകർ അറിയിച്ചു. നാലുമണിക്ക് ജപമാലയോട് കൂടി ആരംഭിക്കുന്ന കൺവെൻഷനിൽ ഇന്നത്തെ വിശുദ്ധ കുർബാനയ്ക്ക് കോട്ടയം അതിരൂപത അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിക്കും.
രോഗികൾക്കും പരീക്ഷയ്ക്കായി ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കും ഇന്നത്തെ കൺവെൻഷനിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കും. രാത്രി 09:00 മണിക്ക് പരിശുദ്ധ കുർബാനയുടെ ആരാധനയോട് കൂടി പൊതുവായ ശുശ്രൂഷകൾ സമാപിക്കും. അതിനുശേഷം ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ ദൈവജനത്തിന്റെ തലയിൽ കൈവച്ചു പ്രാർത്ഥിക്കും.