റൂഹാ മൗണ്ട്: ജീവിതം ദൈവത്തിനു സമർപ്പിച്ചു കൊണ്ട് വീടെല്ലാം വിട്ട് ശുശ്രൂഷക്കായി ഇറങ്ങിത്തിരിച്ച സിസ്റ്റർ മെർലി സി എം സി (76) തന്റെ ഭൂമിയിലെ ശുശ്രൂഷകൾ എല്ലാം പൂർത്തിയാക്കി ദൈവസന്നിധിയിലേയ്ക്ക് ഇന്ന് രാവിലെ യാത്രയായി. അട്ടപ്പാടിയിൽ അനേക വർഷങ്ങളാണ് സിസ്റ്റർ ശുശ്രൂഷ ചെയ്തത്. അട്ടപ്പാടി അഗളി ഗവൺമെന്റ് ആശുപത്രിയിൽ ഡോ. പ്രഭുദാസിനൊപ്പം അനേക വർഷം സിസ്റ്റർ ശുശ്രൂഷ ചെയ്തു. ആശുപത്രിയിൽ വരുന്ന രോഗികൾക്ക് മുഴുവൻ ഒരാശ്വാസമാകുവാൻ സിസ്റ്ററിനു കഴിഞ്ഞു. സിസ്റ്ററിനെ അറിയാത്ത ആളുകൾ അട്ടപ്പാടിയിൽ ഇല്ലെന്നു പറയാൻ തക്കവിധമായിരുന്നു സിസ്റ്ററിന്റെ സേവനങ്ങൾ.
1946 മാർച്ച് 11 നാണു സിസ്റ്ററിന്റെ ജനനം. 1969 മെയ് 23 ന് ആദ്യവ്രതം സ്വീകരിച്ചു. പാലക്കാട് ജയ് ക്രിസ്റ്റോ പ്രൊവിൻസിൽപ്പെട്ട സിസ്റ്റർ തന്റെ സേവങ്ങളിൽ നിന്നും വിരമിച്ച ശേഷം അട്ടപ്പാടി ശീങ്കര സെന്റ് ജോർജ് കോൺവെന്റിൽ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് വിശ്രമത്തിലായിരുന്നു. ഇന്ന് രാവിലെ (2023 ഫെബ്രുവരി 27 തിങ്കൾ) ദൈവ സന്നിധിയിലേയ്ക്ക് സിസ്റ്റർ യാത്രയായി.
മൃത സംസ്‌കാര ശുശ്രൂഷകൾ ഇന്ന് (27/02/2023) ഉച്ചകഴിഞ്ഞ് 03:00 മണിയ്ക്ക് അട്ടപ്പാടി ശീങ്കര സെന്റ് ജോർജ് കോൺവെന്റ് ചാപ്പലിൽ വിശുദ്ധ ബലിയോടുകൂടി ആരംഭിക്കും.