അട്ടപ്പാടി: മക്കൾ ബാധ്യതയല്ല മുതൽക്കൂട്ടാണ് എന്ന സന്ദേശ० ജീവിതത്തിൽ പകർത്തി 10 മക്കളുടെ പിതാവും പ്രോലൈഫ് പ്രവർത്തകനുമായ തൃശൂർ അതിരൂപതയിലെ അടാട്ട് ഇടവകാംഗം അക്കരപറമ്പൻ വറീത് മകൻ സൈമൺ (43) (ആന്റണി) സമയത്തിന്റെ പൂർണതയിൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. വചനം അനുസരിച്ച് ക്രൈസ്തവ വിശ്വാസത്തിൽ അടിയുറച്ച് ജീവിച്ച സത്യവിശ്വാസത്തിന്റെ കാവൽ ഭടനായ സൈമണിന്റെ വിയോഗത്തിൽ തൃശൂർ അതിരൂപതയും വിവിധ ക്രൈസ്തവ സംഘടനകളും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു. കൂലിപ്പണിചെയ്ത് തന്റെ വലിയ കുടുംബത്തെ പോറ്റിയിരുന്ന സൈമൺ കഴിഞ്ഞദിവസം മരം മുറിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ടാണ് നിര്യാതനായത്.
10 മക്കളുടെ പിതാവായ സൈമണിന്റെ വിയോഗം കുടുംബത്തിന് മാത്രമല്ല, കത്തോലിക്കാ സഭയ്ക്ക് തന്നെ തീരാ നഷ്ടമാണ്. എങ്കിലും ദൈവത്തിന്റെ പദ്ധതിയനുസരിച്ച് അവിടുത്തോടൊപ്പം സ്വർഗ്ഗത്തിലായിരിക്കാൻ നിത്യസമ്മാനത്തിനായി അദ്ദേഹം വിളിക്കപ്പെട്ടു. സൈമണിന്റെ ജീവിതം ഇന്നത്തെക്കാലത്ത് ഓരോ ക്രൈസ്തവ കുടുംബങ്ങളും മാതൃകയാക്കണം. കാരണം വചനം അനുസരിച്ച് ജീവിച്ച ആ നല്ല മനുഷ്യൻ തന്റെ സമയത്തിന്റെ പൂർത്തീകരണത്തിൽ ക്രൈസ്തവ സഭയ്ക്ക് നൽകിയിട്ട് പോയത് തന്റെ അതേ വിശ്വാസ ചൈതന്യത്തിൽ വളർത്തിയെടുത്ത, വളർന്ന് വരുന്ന 10 മക്കളെയാണ്. സൈമൺ ജീവിച്ചുകാണിച്ച ആ നല്ല മാതൃകയുമായി സഭയ്ക്ക് മുതൽക്കൂട്ടായി ആ മക്കൾ ഈ ഭൂമിയിൽ വളരും. സൈമണിനെപ്പോലെ ക്രൈസ്തവ സഭയ്ക്ക് മുതൽക്കൂട്ടാവാൻ ആ മക്കൾക്ക് കഴിയും.
സൈമണിനെപ്പോലെ ഓരോ ക്രൈസ്തവ കുടുംബങ്ങളും ചിന്തിക്കണം. ഒരുപാട് മക്കളെ സ്വീകരിക്കണം. ഒട്ടനവധി മക്കളെ സ്വീകരിക്കുന്ന കുടുംബങ്ങൾക്ക് പരിപൂർണ പിന്തുണ സഭയുടെ ഭാഗത്ത് നിന്ന് ലഭിക്കും എന്ന് ഉറപ്പാണ്. അതിനുദ്ദാഹരണമാണ് സൈമണിന്റെ വീട്ടിൽ നാം കണ്ടത്. തൃശൂർ അതിരൂപത സൈമണിന്റെ വീട്ടിലേക്കെത്തിയത് അകമഴിഞ്ഞ സഹായവുമായാണ്. അതുപോലെ മറ്റ് ഒട്ടനവധി സംഘടനകളാണ് സഹായഹസ്തവുമായി സൈമണിന്റെ കുടുംബത്തെ തേടിയെത്തുന്നത്. ഇനി ആ മക്കളെ വളർത്തുക എന്നത് ഓരോ ക്രൈസ്തവനും തങ്ങളുടെ കൂടെ ഉത്തവാദിത്വമായി ഏറ്റെടുക്കണം. കഴിയുന്നവർ കഴിയുന്നപോലെ ആ കുടുംബത്തെ സഹായിക്കണം. അതുപോലെ തന്നെ ധാരാളം മക്കളുള്ള കുടുംബങ്ങളുണ്ടാകുവാൻ ക്രൈസ്‌തവർ ശ്രമിക്കണം. ധാരാളം മക്കളുള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കണം. ധാരാളം മക്കളുള്ള കുടുംബങ്ങൾ ഞെരുക്കങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ സാമ്പത്തികമായും മറ്റും ക്രൈസ്തവർ ഒന്നടങ്കം അവരെ സഹായിക്കണം.
20000 രൂപ വീതം എല്ലാമാസവും ആ കുടുംബത്തിന് നൽകാൻ തൃശൂർ അതിരൂപത കാണിച്ച നല്ല മനസ്സിന് ക്രൈസ്തവരുടെ അഭിനന്ദനങ്ങൾ, ഇനിയും ഇതുപോലെ കരുതലോടെ പ്രവർത്തിക്കാൻ സഭാമക്കൾക്കും സംവിധാനങ്ങൾക്കും കഴിയണം. കഷ്ടതയും വേദനയും അനുഭവിക്കുന്ന ക്രൈസ്തവർക്ക് സഭയുടെ നേതൃത്വത്തിൽ സഹായങ്ങൾ എത്തിക്കണം. ഇത്തരം പ്രവർത്തനങ്ങൾ ഓരോ ക്രൈസ്തവ കുടുംബത്തിനും ആത്മവിശ്വാസവും കരുത്തും പകരുന്നതാണ്. ക്രൈസ്തവ മക്കളുടെ വളർച്ചയ്ക്കും ഉന്നമനത്തിനുമായി ഓരോ ക്രൈസ്തവനും ഉണരണം.
പ്രാർത്ഥനയും, പൂർണ പിന്തുണയുമായി റൂഹാ മൗണ്ട് മിനിസ്ട്രീസും, ജനസഹസ്രങ്ങളും സൈമണിന്റെ കുടുംബത്തോടൊപ്പം…..ഒപ്പം അതിരൂപതയുടെയും മറ്റെല്ലാ ക്രൈസ്തവ സംഘടനകളുടെയും എല്ലാ പ്രവർത്തനങ്ങൾക്കും നാനാതലത്തിലുള്ള ജനങ്ങളുടെ എല്ലാവിധ പിന്തുണയും……