റൂഹാ മൗണ്ട്: 2023 ആരംഭിച്ചിട്ട് ജൂൺ മാസം ആയപ്പോഴേക്കും ഇന്ത്യയിൽ ക്രൈസ്തവർക്കുനേരെ 400 ൽ അധികം അക്രമസംഭവങ്ങൾ നടന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ന്യൂഡൽഹി ആസ്ഥാനമായ യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറം (യുസിഎഫ്). മണിപ്പൂരിൽ ഇപ്പോൾ ക്രൈസ്തവർക്കുനേരെ നടമാടുന്ന കലാപത്തിനു പുറമെയുള്ള റിപ്പോർട്ട് ആണിത്. രാജ്യത്തെ 23 സംസ്ഥാനങ്ങളിലും കഴിഞ്ഞ ആറുമാസമായി അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ 155 ൽ അധികം അക്രമണങ്ങൾ നടന്നത് ഉത്തർപ്രദേശിലാണ്.
യുപിയിലെ ജോനാപുർ (13), റായ്ബറേലി (11), സീതാപുർ (11), കാൺപുർ (10), കുശിനഗർ (9), അസ്മാർഗ് (9) എന്നീ ജില്ലകളില്‍ കൂടുതല്‍ അക്രമങ്ങൾ നടന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അക്രമങ്ങളുടെ എണ്ണത്തിൽ തൊട്ടുപിന്നിലുള്ള ഛത്തീസ്ഗഢിലെ (84) ബസ്തറിൽ മാത്രം ഇക്കാലയളവിൽ 31 അക്രമ സംഭവങ്ങളുണ്ടായി. കഴിഞ്ഞ മാസം മാത്രം ക്രൈസ്തവർക്കു നേരേ 88 അക്രമങ്ങൾ അരങ്ങേറി. കണക്കുകള്‍ പ്രകാരം പ്രതിദിന അക്രമസംഭവങ്ങളുടെ എണ്ണം മൂന്നാണ്. ജനുവരിയിൽ 62, ഫെബ്രുവരിയിൽ 63, മാർച്ചിൽ 66, ഏപ്രിലിൽ 47, മേയിൽ 50, എന്നിങ്ങനെയായിരുന്നു അക്രമങ്ങളുടെ എണ്ണം. ജൂലൈയിൽ ആദ്യത്തെ പത്തു ദിവസം കൊണ്ട് 24 അക്രമങ്ങൾ റിപ്പോർട്ട് ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണിലെ മാത്രം കണക്കുകൾ പരിശോധിച്ചാൽ അക്രമ സംഭവങ്ങളുടെ എണ്ണം പ്രതിദിനം മുന്നാണ്. 2014 മുതൽ ആറു മാസത്തിനിടെ ഏറ്റവുമധികം ക്രൈസ്തവ പീഡനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതും 2023ലാണ്. വൈദികർ, സന്യാസിനികൾ എന്നിവർക്കൊപ്പം സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിശ്വാസികളും അതിക്രമങ്ങൾക്ക് ഇരകളായവരിലുണ്ട്. 2014 മുതൽ ക്രിസ്ത്യാനികൾക്കെതിരായ അക്രമ സംഭവങ്ങളിൽ സ്ഥിരമായ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. 2014ൽ ആകെയുണ്ടായ ക്രൈസ്തവ പീഡനങ്ങൾ 147 ആണ്. കഴിഞ്ഞ വർഷം ആകെ 599 അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മണിപ്പൂരിൽ നടമാടുന്ന സംഭവങ്ങൾ കൂടി കണക്കിലെടുത്താൽ സംഭവങ്ങൾ ഇരട്ടിക്കും എന്നതിന് സംശയമില്ല. എന്നിട്ടും ഇതിനെതിരെ ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടികളും ഉണ്ടാകുന്നില്ല എന്നുള്ളത് വേദനാജനകമാണ്.