അട്ടപ്പാടി: പതിനായിരങ്ങൾക്ക് പുതുജീവനേകിയ ഫാ. ജോർജ് കരിന്തോളിൽ MCBS അന്തരിച്ചു. കേരളസഭയ്ക്ക് ഉണർവേകാൻ ബൈബിൾ മനഃപാഠമാക്കി വചനത്തിന്റെ ശക്തിയെ ദൈവമക്കളിലേക്കെത്തിച്ച ആത്മീയാചാര്യൻ കരിന്തോളിലച്ചൻ ദൈവസന്നിധിയിലേക്ക് യാത്രയായി. ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിന്റെ മുൻ സുപ്പീരിയർ ജനറലും പ്രശസ്ത ധ്യാനഗുരുവുമായിരുന്ന കരിന്തോളിലച്ചൻ ഇന്ന് പുലർച്ചെ ആലുവ രാജഗിരി ആശുപത്രിയിൽ വെച്ചായിരുന്നു മരിച്ചത്. കരൾസംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.

പതിനായിരങ്ങളെയാണ് അച്ചൻ വിശ്വാസജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്. പ്രധാനമായും ദിവ്യകാരുണ്യ ധ്യാനങ്ങൾക്ക് ആണ് അച്ചൻ നേതൃത്വം നൽകിയിരുന്നത്. കോതമംഗലം രൂപതയിൽ കൊടുവള്ളിയാണ് അച്ചന്റെ സ്വദേശം. 1969 MCBS സഭയിൽ ചേർന്ന് 1977 ൽ നിത്യവ്രത വാഗ്ദാനം നടത്തി. 1978 തിരുപ്പട്ടം സ്വീകരിച്ചു. MCBS സഭയിലെ ഒട്ടേറെ പ്രധാന പ്രവർത്തനമേഖലകളിൽ അദ്ദേഹത്തിന്റെ മഹനീയ സേവനം അനുഷ്ഠിച്ചു. 2002 മുതൽ 2008 വരെയുള്ള കാലഘട്ടത്തിൽ ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി അദ്ദേഹം ശുശ്രൂഷ ചെയ്തു. കരുണ നിറഞ്ഞ ഹൃദയത്തോടെ ആത്മാക്കളുടെ രക്ഷക്കുവേണ്ടി അഹോരാത്രം അദ്ദേഹം പ്രയത്നിച്ചു.

എല്ലാവരോടും സൗമ്യമനോഭാവത്തോടെ പെരുമാറിയ അച്ചൻ വിശ്രമസമയം മുഴുവനും ദിവ്യകാരുണ്യത്തിന്റെ മുന്നിൽ തന്നെയായിരുന്നു. ഓരോ ദൈവവിളിയും അത്രയേറെ വിലപ്പെട്ടതായി കണ്ട അച്ചൻ സെമിനാരിക്കാരെ അത്രയധികം സ്വാധീനിച്ചിരുന്നു. വ്യക്തിപരമായ പ്രാർത്ഥനയ്ക്ക് ഒരിക്കലും മുടക്കം വരുത്താത്ത വിശുദ്ധനായ വൈദികനാണ് കരിന്തോളിലച്ചൻ.

ആളുകളുടെ ആത്മരക്ഷ മാത്രം മുന്നിൽ കണ്ട അച്ചൻ അനേകരെ ധ്യാനങ്ങളിൽ പങ്കെടുപ്പിച്ചും വിശുദ്ധിയുടെ പാഠങ്ങൾ നൽകിയും അനേകരെ വിശുദ്ധിയിലേക്കടുപ്പിച്ചു. ബിഷപ്പുമാർക്കും വൈദികർക്കും സന്യസ്തർക്കും അല്മായർക്കും ധ്യാനങ്ങൾ നടത്താൻ അച്ചൻ പ്രത്യേകം മുൻകൈയ്യെടുത്തു. രാപകൽ ഇല്ലാതെ സ്പിരിച്വൽ ഷെയറിംഗിനുവേണ്ടി സമയം ചെലവഴിച്ചു. സ്വന്തം കാര്യത്തിനായി ഒരു രൂപ പോലും ചിലവാക്കാൻ അച്ചൻ താല്പര്യപ്പെട്ടിരുന്നില്ല. അനേകരെ ആരും അറിയാതെ സഹായിച്ചിരുന്ന വൈദികനാണ് കരിന്തോളിലച്ചൻ. സമ്പന്നനെന്നോ ദരിദ്രനെന്നോ മാറ്റമില്ലാതെ ആരെയും മാറ്റി നിർത്താതെ അദ്ദേഹം ആത്മീയമായി എല്ലാവരെയും ചേർത്തണച്ചു. ഈ നാളുകളിൽ രോഗാവസ്ഥകളിൽ ആയിരുന്നപ്പോൾ പോലും തന്റെ അടുത്തെത്തിയവരെ ആശ്വസിപ്പിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.

ഇന്ന് പുലർച്ചെ (2024 സെപ്റ്റംബർ 18) ആലുവ രാജഗിരി ആശുപത്രിയിൽ വെച്ച് മരണം സംഭവിച്ചു. അച്ചൻറെ വേർപാട് കേരള സഭയ്ക്കും അനേകർക്കും വലിയ നഷ്ടമാണ് എന്നത് തീർച്ചയാണ്.