കൂനമ്മാവ്: ഫാ. സേവ്യർ ഖാൻ വട്ടായിൽ PDM നയിക്കുന്ന ഇരുപത്തിയേഴാമത്‌ കൂനമ്മാവ് മേഖല കൺവെൻഷന് ഇന്നലെ (2025 ജനുവരി 10) തുടക്കം കുറിച്ചു. വരാപ്പുഴ അതിരൂപത ചാൻസിലർ വെരി. റെവ. ഫാ. എബിജിൻ അറയ്ക്കൽ തിരി തെളിയിച്ച് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു. തുടർന്ന് ദിവ്യബലി അർപ്പിച്ചു. ദിവ്യബലി മധ്യേ നടത്തിയ സന്ദേശത്തിൽ ജീവിതത്തിൽ പ്രത്യാശയുടെ വിളക്കായി ജ്വലിക്കാൻ കൂനമ്മാവ് അഭിഷേകാഗ്നി കൺവെൻഷൻ ഓരോ ജീവിതങ്ങളെയും സഹായിക്കുമെന്ന് റെവ. ഫാ. എബിജിൻ അറയ്ക്കൽ വ്യക്തമാക്കി.

ഈ അഞ്ച് ദിവസങ്ങൾ ഓരോരുത്തരുടെയും പ്രത്യാശയുടെ ദിനങ്ങൾ ആകണമെന്നും കാരണം ഈ വചനവിരുന്ന് വലിയ അഭിഷേകത്തിന്റെ വിരുന്ന് ആണെന്നും നമ്മുടെ ജീവിതത്തിലെ തളർച്ചയും നിരാശയും എല്ലാം നീങ്ങിപ്പോകുമെന്നും ബഹുമാനപ്പെട്ട അച്ചൻ ഓർമ്മിപ്പിച്ചു. ജീവിതത്തിൽ നിരാശയ്ക്ക് സ്ഥാനമില്ലെന്ന് ഈ കൺവെൻഷൻ നമുക്ക് കാണിച്ചുതരുമെന്നും ജീവിതത്തിൽ ഏതെല്ലാം പ്രതിസന്ധികൾ വന്നാലും അതിനെ തരണം ചെയ്യാൻ ദൈവവചനം ശക്തി തരുമെന്നും ബഹുമാനപ്പെട്ട അച്ചൻ വ്യക്തമാക്കി. അത് ബൈബിളിലൂടെ ദൈവവചനം വഴി തമ്പുരാൻ നമുക്ക് തന്നിട്ടുണ്ടെന്നും അത് ഈ അഭിഷേകാഗ്നിയിലൂടെ ഉറപ്പിക്കാൻ ഓരോരുത്തർക്കും കഴിയുമെന്നും ബഹുമാനപ്പെട്ട അച്ചൻ ഓർമ്മിപ്പിച്ചു.