ലിസ്ബൺ: 1917-ല്‍ ലോകം യുദ്ധത്തില്‍ കൊടുംപിരികൊണ്ടിരിന്ന കാലത്ത് പോര്‍ച്ചുഗലിലെ ഫാത്തിമയിൽ ഇടയബാലകർക്ക് പരിശുദ്ധ കന്യകാമറിയത്തിന്റെ ദിവ്യദർശനം ലഭിച്ച സംഭവത്തെ ആസ്പദമാക്കിയുള്ള ഹോളിവുഡ് സിനിമ ‘ഫാത്തിമ’ ഏപ്രിൽ 24നു അമേരിക്കയിലെ ആയിരത്തോളം തീയേറ്ററുകളിൽ എത്തും. പിക്ച്ചർ ഹൗസിന്റെ ബാനറില്‍ ഇറ്റാലിയൻ സംവിധായകൻ മാർക്കോ പൊന്റോകോർവോ സംവിധാനം ചെയ്തിരിക്കുന്ന സിനിമയുടെ തിരക്കഥ വലേരിയോ ഡി അന്നൻസിയോ, ബർബര നിക്കോളോസിയും സംവിധായകനും കൂടി ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. സിനിമ ഏവരുടെയും ഹൃദയം കവരുമെന്നാണ് പ്രതീക്ഷയെന്നും എല്ലാവരും ചലച്ചിത്രം കാണണമെന്നും പ്രൊഡ്യൂസർ നടാഷ ഹൗസ് പറഞ്ഞു.
ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. മണിക്കൂറുകൾ കൊണ്ട് രണ്ടര ലക്ഷത്തോളം ആളുകളാണ് ട്രെയിലർ ഇതിനോടകം വീക്ഷിച്ചിരിക്കുന്നത്. നൂറ്റിമൂന്നു വർഷം മുൻപ് നടന്ന സംഭവവും അതു നൽകുന്ന സന്ദേശവും ഇതേത്തുടർന്ന് ലോകത്തുണ്ടായ സംഭവവികാസങ്ങളും തനിമ ചോരാതെ തന്നെ ചലച്ചിത്രത്തിൽ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരിക്കുന്നത്. സമാധാനത്തിനായി ലോകമെമ്പാടുമുള്ളവര്‍ പ്രാര്‍ത്ഥിക്കണമെന്ന സന്ദേശമാണ് പോര്‍ച്ചുഗലിലെ ഫാത്തിമയിൽ മൂന്നു കുട്ടികൾക്ക് പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട് ഓർമ്മിപ്പിച്ചത്. ജപമാല ചൊല്ലി പ്രാര്‍ത്ഥനകള്‍ നടത്തുന്ന കോടിക്കണക്കിനാളുകളുടെ തീര്‍ത്ഥാടന സ്ഥലമായി പിന്നീട് ഇവിടം രൂപാന്തരപ്പെട്ടു.
ഫാത്തിമയിലെ മാതാവിന്റെ മധ്യസ്ഥതയാലാണു താന്‍ മരണത്തിന്റെ പടിവാതിലില്‍ നിന്നും രക്ഷപെട്ടതെന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സാക്ഷ്യപ്പെടുത്തിയിരുന്നു. പരിശുദ്ധ കന്യകാ മറിയത്തിന്റെ ദർശനം ലഭിച്ച ജസീന്തയെയും ഫ്രാൻസിസ്കോയെയും ഫ്രാൻസിസ് മാർപാപ്പ 2017 മെയ് മാസത്തിൽ വിശുദ്ധരായി പ്രഖ്യാപിച്ചിരിന്നു. ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്നുപേരില്‍ മൂന്നാമത്തെ ആളായിരുന്ന ലൂസിയയുടെ നാമകരണ നടപടികള്‍ നടന്നു വരികയാണ്. 2005-ലാണ് കര്‍മ്മലീത്ത സന്യാസിനിയായിരുന്ന ലൂസിയ മരണപ്പെട്ടത്. 1952-ല്‍ ദി മിറാക്കിള്‍ ഓഫ് ഔര്‍ ലേഡി ഓഫ് ഫാത്തിമ എന്ന ചലച്ചിത്രം പുറത്തിറങ്ങിയിരിന്നു. ജോണ്‍ ബ്രാമാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തത്.