വത്തിക്കാൻ: ഏതൊരു യുഗത്തിലും അധികാരികള്‍, സഭയിലും ദൈവജനങ്ങളില്‍ പോലും എന്തധികാരമുള്ളവരും ദൈവഹിതത്തിനു പകരം സ്വന്തം താല്പര്യങ്ങൾ നിറവേറ്റുന്നതിനായി പ്രവര്‍ത്തിക്കാന്‍ പ്രലോഭിതരാകാം. എന്നാല്‍ യേശു പറയുന്നു, അപരനെ ചൂഷണം ചെയ്യാതെ സേവനം ചെയ്യുന്നത് ശരശ്രൂഷിക്കുന്നതാണ് യഥാര്‍ത്ഥ അധികാരം എന്ന്. അധികാരം ഒരു സേവനമാണ്. അതിനാല്‍ എല്ലാവരുടെയും നന്മയ്ക്കും സുവിശേഷ പ്രചരണത്തിനുമായി അത് വിനിയോഗിക്കണം. സഭയില്‍ അധികാരമുള്ള ആളുകള്‍ സ്വന്തം താല്‍പര്യങ്ങള്‍ തേടുന്നത് കാണുന്നത് മോശമാണ് – പാപ്പാ പറഞ്ഞു.
ആഞ്ചലൂസ് പ്രാർത്ഥനയിൽ, മുന്തിരിത്തോട്ടത്തിലെ കൊലപാതകികളായ കൃഷിക്കാരുടെ ഉപമയെ ആസ്പദമാക്കി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കൃഷിക്കാരെ ഏൽപ്പിച്ചുപോന്ന മുന്തിരിത്തോപ്പിൽനിന്ന് വിളവെടുക്കാൻ ഉടമസ്ഥൻ അയക്കുന്ന ഭൃത്യന്മാരെയും മകനെയും കൃഷിക്കാർ അരും കൊലചെയ്യുന്ന ഉപമയിലെ മുന്തിരിത്തോട്ടത്തിന്റെ ചിത്രം വ്യക്തമാണ്. കർത്താവ് തിരഞ്ഞെടുക്കുകയും ഏറെ കരുതലോടെ രൂപപ്പെടുത്തുകയും ചെയ്ത ജനത്തെയാണ് അത് പ്രതിനിധാനം ചെയ്യുന്നത്. ദൈവം അയച്ച പ്രവാചകന്മാരാണ് അയക്കപ്പെട്ട ദാസന്മാർ, പുത്രനാകട്ടെ യേശുവും. പ്രവാചകന്മാർ തിരസ്‌ക്കരിക്കപ്പെട്ടതു പോലെ ക്രിസ്തുവും നിരാകരിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു.
ഉപമയുടെ അന്ത്യത്തിൽ, മുന്തരിത്തോട്ടത്തിന്റെ ഉടമസ്ഥൻ വരുമ്പോൾ അവൻ ആ കൃഷിക്കാരോട് എന്തു ചെയ്യും? എന്ന യേശുവിന്റെ ചോദ്യത്തിന് ജനപ്രമാണികൾ നൽകിയ മറുപടി ഇങ്ങനെ: ‘യജമാനൻ ആ ദുഷ്ടരെ നിഷ്~ൂരമായി നശിപ്പിക്കുകയും യഥാകാലം ഫലം കൊടുക്കുന്ന മറ്റു കൃഷിക്കാരെ മുന്തിരത്തോട്ടം ഏൽപ്പിക്കുകയും ചെയ്യും.’ അക്കാലഘട്ടത്തിൽ യേശുവിനെ തള്ളിപ്പറഞ്ഞവർക്ക് മാത്രമുള്ളതാണ് ഈ താക്കീത് എന്ന് നാം കരുതരുത്. അത് എക്കാലത്തും, നമ്മുടെ ഈ കാലഘട്ടത്തിലും പ്രസക്തമാണ്.
തന്റെ മുന്തിരിത്തോട്ടത്തിന്റെ ഫലം അതിൽ ജോലി ചെയ്യാൻ താൻ അയച്ചവരിൽനിന്ന്, നാമെല്ലാവരിലുംനിന്ന് ഇന്നും ദൈവം പ്രതീക്ഷിക്കുന്നു. എന്തെന്നാൽ മുന്തിരിത്തോട്ടം കർത്താവിന്റേതാണ്, നമ്മുടേതല്ല. അധികാരികളുടെയും നാം ഒരോരുത്തരുടെയും മനോഭാവം ഇതായിരിക്കണം. കാരണം, നമുക്കോരോരുത്തർക്കും നമ്മുടെതായ, ചെറിയരീതിയിൽ ഒരു അധികാരമുണ്ട്. ഏതൊരു യുഗത്തിലും അധികാരികൾ ദൈവഹിതത്തിനു പകരം സ്വന്തം താൽപ്പര്യങ്ങൾ നിറവേറ്റാൻ പ്രലോഭിതരാകാം. എന്നാൽ യേശു പറയുന്നു, അപരനെ ചൂഷണം ചെയ്യാതെ സേവനം ചെയ്യുന്നത്, ശുശ്രൂഷിക്കുന്നതാണ് യഥാർത്ഥ അധികാരം.