പാലക്കാട്: കരിസ്മാറ്റിക് നവീകരണ രംഗത്തെ ആദ്യകാല ശുശ്രൂഷകനും കടുത്തുരുത്തി എസ് വി ഡി പ്രാര്‍ത്ഥനാനികേതന്‍ ഡയറക്ടറുമായിരുന്ന ഫാ.സെബാസ്റ്റ്യന്‍ പൊട്ടനാനി എസ് വി ഡി തന്റെ ഭൂമിയിലെ ദൗത്യം പൂർത്തിയാക്കി ഇന്ന് ദൈവസന്നിധിയിലാണ്. കുടുംബങ്ങളുടെ വിശുദ്ധീകരണം ലക്ഷ്യം വച്ച് കരിസ്മാറ്റിക് നവീകരണ രംഗത്ത് പ്രവർത്തിച്ചുവന്നിരുന്ന ഫാ. സെബാസ്റ്റ്യൻ പൊട്ടനാനി അഞ്ചു വര്‍ഷമായി എസ് വി ഡി സഭയുടെ മുംബൈ അന്ധേരിയിലെ ഭവനത്തില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
1933 മാര്‍ച്ച് 28ന് പാലാ രൂപതയില്‍ തിടനാട് ഇടവകയില്‍ പൊട്ടനാനിയില്‍ ചാക്കോ ത്രേസ്യാമ്മ ദമ്പതികളുടെ ആറു മക്കളില്‍ അഞ്ചാമനായി ജനിച്ചു. 1960 ഒക്ടോബർ നാലിന് പൗരോഹിത്യം സ്വീകരിച്ചു. 1964 മുതല്‍ ധ്യാനങ്ങള്‍ക്കു നേതൃത്വം നല്‍കിയ അദ്ദേഹം 1985 മുതല്‍ കടുത്തുരുത്തി എസ് വി ഡി പ്രാര്‍ത്ഥനാനികേതനില്‍ തുടര്‍ച്ചയായി ദാമ്പത്യ കാരിസ് ധ്യാനങ്ങള്‍ നടത്തി. 1998 മുതല്‍ ഒന്പതു വര്‍ഷം കേരള കരിസ്മാറ്റിക് സര്‍വ്വീസ് ടീമിന്റെ (കെഎസ് ടി) ലോര്‍ഡ്സ് കപ്പിള്‍സ് മിനിസ്ട്രിയുടെ ആനിമേറ്ററായിരുന്നു. 87 വയസ്സായ ഫാ. സെബാസ്റ്റ്യൻ പൊട്ടനാനി പ്രായാധിക്യം മൂലം അഞ്ച് വർഷമായി എസ് വി ഡി സഭയുടെ മുംബൈ അന്ധേരിയിലെ ഭവനത്തില്‍ വിശ്രമജീവിതം നയിച്ചുവരികയാണ് നിത്യസമ്മാനത്തിനായി ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടത്. 2020 നവംബർ 17 മുംബൈ ഈസ്റ്റ് തിരുഹൃദയ ദേവാലയത്തിൽ വച്ചാണ് അച്ചന്റെ മൃതസംസ്കാര ശുശ്രൂഷകൾ നടന്നത്..
സെബാസ്റ്റ്യൻ പൊട്ടനാനി അച്ചൻ ഈ ഭൂമിയിൽ ചെയ്ത നന്മകളോർത്ത് നമുക്ക് ദൈവത്തിന് നന്ദിപറയാം. അച്ചന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കാം.