അസീസ്സി: കംപ്യൂട്ടറിന്റെയും സോഷ്യല്‍ മീഡിയയുടെയും നടുവില്‍ ജീവിക്കുന്ന ഇന്നത്തെ യുവതലമുറയ്ക്ക് മാതൃകയാക്കാന്‍, ഒക്ടോബര്‍ 10-ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന കാര്‍ലോ അക്യുറ്റിസ് എന്ന കൗമാരക്കാരന്റെ ജീവിതം അറിയുക എന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന- വിശുദ്ധിയിലേയ്ക്ക് വിളിക്കപ്പെട്ടിരിക്കുന്ന- ക്രൈസ്തവരായ നമ്മെസംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യമാണ്. ഇന്നു റോം സമയം വൈകീട്ട് 4.30ന് (ഇന്ത്യന്‍ സമയം രാത്രി ഏട്ടു മണി) അസീസ്സിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിൽവെച്ചാണ് പ്രഖ്യാപനം നടക്കുക. തിരുകർമ്മങ്ങൾക്ക് അസീസ്സി ബസിലിക്കയുടെ പൊന്തിഫിക്കല്‍ പ്രതിനിധിയും റോമിന്റെ മുന്‍ വികാരി ജനറാളുമായ കർദ്ദിനാൾ അഗസ്തീനോ വല്ലീനി മുഖ്യകാര്‍മ്മികത്വം വഹിക്കും. കൂടുതല്‍ ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ മൂവായിരത്തോളം പേര്‍ക്കു മാത്രമാണ് പ്രവേശന അനുമതി ലഭിച്ചിരിക്കുന്നത്. മകനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ അമ്മ അന്റോണിയോ സൽസാനോയും പങ്കെടുക്കുന്നുണ്ട്.
1991 മെയ് 3–ന് ലണ്ടനില്‍ ജനിച്ച കാര്‍ലോ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. വിശുദ്ധനാവൃക എന്ന തീവ്രമായ ആഗ്രഹം തന്നില്‍ ഉണ്ടാകണമെന്ന ഒരൊറ്റ പ്രാര്‍ത്ഥനയോടെ, എപ്പോഴും ഈശോയോടു ചേര്‍ന്നായിരിക്കുക എന്ന ജീവിതലക്ഷ്യവുമായി നമ്മുടെ ഈ നൂറ്റാണ്ടില്‍ ജീവിച്ച ഒരു കൌമാരക്കാരന്‍! ദിവ്യകാരുണ്യത്തിലെ ഈശോയെ ചങ്കോട് ചേര്‍ത്തുവച്ചു സ്നേഹിക്കുക എന്നതിലുപരി അസാധാരണമായതൊന്നും ചെയ്യാതെ തന്നെ അവന്‍ വിശുദ്ധിയുടെ പടവുകള്‍ കയറുകയായിരുന്നു.
കാര്‍ലോ ഏറ്റവുമധികം സ്നേഹിച്ചത് ഈശോയെയും പരിശുദ്ധ അമ്മയെയും ആയിരുന്നു. ഏഴാം വയസ്സില്‍ ദിവ്യകാരുണ്യ ഈശോയെ സ്വീകരിച്ച
നാള്‍ മുതല്‍ എല്ലാ ദിവസവും അവന്‍ വിശുദ്ധ കുര്‍ബാനയില്‍ മുടക്കമില്ലാതെ പങ്കെടുക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്യുമായിരുന്നു. ജപമാല ചൊല്ലുന്നതും ഒരിക്കലും അവന്‍ മുടക്കിയിരുന്നില്ല. സാധിക്കുന്ന അത്രയും ജപമാലകള്‍ പരിശുദ്ധ അമ്മയ്ക്ക് സമര്‍പ്പിക്കാന്‍
അവന് വലിയ ഉത്സാഹമായിരുന്നു. ആഴ്ചയില്‍ ഒരിക്കല്‍ കുമ്പസാരിക്കുമെന്നു അവന്‍ ഉറപ്പാക്കി. വിശുദ്ധ കുര്‍ബാനയ്ക്കു മുന്‍പോ അതിനു ശേഷമോ,ദിവ്യകാരുണ്യ ആരാധന കൂടി നടത്താന്‍ അവന്‍ എന്നും സമയം കണ്ടെത്തിയിരുന്നു.
“ദിവ്യകാരുണ്യ ഈശോയെ നാം എത്രയധികം സ്വീകരിക്കുന്നുവോ, നമ്മള്‍ അത്രയും ഈശോയെപ്പോലെ ആകുന്നു’ എന്ന് കാര്‍ലോ പറയുമായിരുന്നു. അസീസിയിലെ വി. ഫ്രാന്‍സിസ്, വി. ഡൊമിനിക്ക്, ഫാത്തിമയില്‍ പരിശുദ്ധ അമ്മയുടെ ദര്‍ശനം ലഭിച്ച- വി. ഫ്രാന്‍സിസ്റ്റോ, വി. ജസീന്ത, എന്നിവരുടെ ജീവിതം കാര്‍ലോയെ സ്വാധീനിക്കുകയും അവന്‍ അവരെ അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
ജന്മനാ പാന്‍ക്രിയാസിന് തകരാറുള്ള ബ്രസീല്‍ സ്വദേശിയായ കുട്ടിയുടെ രോഗം കാര്‍ളോയുടെ മധ്യസ്ഥതയില്‍ നടന്ന പ്രാര്‍ത്ഥനയെ തുടര്‍ന്നു അത്ഭുത സൌഖ്യം പ്രാപിച്ചതു വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘം സമര്‍പ്പിച്ച രേഖകള്‍ ഈ വര്‍ഷം ഫെബ്രുവരി 20നു ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിക്കുകയായിരിന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ വിദഗ്ധര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് അത്ഭുത സൌഖ്യം സ്ഥിരീകരിച്ചിരുന്നു. ഇന്ന് നടക്കാനിരിക്കുന്ന വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനു മുന്നോടിയായി അസീസിയിലെ സാങ്ച്വറി ഓഫ് സ്പോളിയേഷനിൽ സ്ഥിതി ചെയ്യുന്ന കാർളോയുടെ കബറിടം ഒക്ടോബര്‍ ഒന്നിന് തുറന്നു നല്‍കിയിരിന്നു.