അട്ടപ്പാടി: മുന്‍ തൃശൂര്‍ ആര്‍ച്ച് ബിഷപ്പും മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനുമായിരിന്ന മാര്‍ ജേക്കബ് തൂങ്കുഴി (94) പിതാവ് ദൈവസന്നിധിയിലേയ്ക്ക് യാത്രയായി. തൃശൂര്‍ ആര്‍ച്ച് ബിഷപ്പായി പത്തുവര്‍ഷവും മാനന്തവാടി രൂപതയില്‍ രണ്ടു പതിറ്റാണ്ടിലേറെയും അദ്ദേഹം സേവനമനുഷ്ഠിച്ചു.

1930 ഡിസംബര്‍ 13ന് പാലാ രൂപതയിലെ വിളക്കുമാടത്ത് തൂങ്കുഴി കുരിയപ്പന്‍ റോസ ദമ്പതികളുടെ മകനായാണ് പിതാവിന്റെ ജനനം. ചങ്ങനാശേരി, ആലുവ, റോം എന്നിവിടങ്ങളിലെ സെമിനാരി പരിശീലനത്തിന് ശേഷം 1956 ഡിസംബര്‍ 22ന് റോമില്‍ വച്ച് പൗരോഹിത്യം സ്വീകരിച്ചു. കാനന്‍ നിയമത്തിലും സിവില്‍ നിയമത്തിലും ഡോക്ടറേറ്റ് നേടിയശേഷം തിരിച്ചെത്തിയ പിതാവ്, തലശേരി രൂപതാധ്യക്ഷനായിരുന്ന മാര്‍ സെബാസ്‌ററ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ സെക്രട്ടറി, രൂപതയുടെ ചാന്‍സലര്‍, മൈനര്‍ സെമിനാരി റെക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.

തുടര്‍ന്ന്, ന്യൂയോര്‍ക്കിലെ ഫോര്‍ഡാം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കി. രൂപതയില്‍ തിരിച്ചെത്തിയ ശേഷം വിണ്ടും മൈനര്‍ സെമിനാരി റെക്ടറായി നിയമിതനായി. പുതുതായി രൂപം നല്‍കിയ മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായി 1973 മെയ് 1ന് സ്ഥാനമേറ്റെടുത്തു. 22 വര്‍ഷത്തെ ശുശ്രൂഷയ്ക്കുശേഷം 1995 ജൂണ്‍ 7 ന് താമരശേരി രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനാവുകയും ജൂലൈ 28ന് രൂപതയുടെ ഭരണസാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് 1997 ഫെബ്രുവരി 15 ന് തൃശൂര്‍ അതിരൂപതയുടെ അദ്ധ്യക്ഷനായി ഉയര്‍ത്തപ്പെട്ടു.

22 വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് മാനന്തവാടി രൂപതയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച പിതാവ് മാനന്തവാടി കേന്ദ്രമാക്കി ക്രിസ്തുദാസി സന്ന്യാസിനി സമൂഹത്തിന് രൂപം കൊടുക്കുവാനും ദൈവം ഇടയാക്കി. തുടർന്ന് തൃശൂർ അതിരൂപതയുടെ വളർച്ചയിലും പിതാവ് അക്ഷീണം പ്രയത്നിച്ചു. പിതാവിന്റെ വേർപാടിൽ PDM, ASJM, AFCM കുടുംബത്തിന്റെ അനുശോചനങ്ങളും പ്രാർത്ഥനകളും….